ഇറ്റാനഗർ: കശ്മീരടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അതിശൈത്യത്തിലൂടെ കടന്നുപോവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലകളിലേക്ക് വലിയ തോതിലുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അരുണാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആളുകളെത്തി തുടങ്ങി. എന്നാൽ മഞ്ഞും തണുപ്പും ആസ്വദിക്കാനെത്തിയ ഒരു സംഘം വിനോദ സഞ്ചാരികൾ അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ട വീഡിയോയാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കുവയ്‌ക്കുന്നത്.
അരുണാചൽപ്രദേശിലെ തണുത്തുറഞ്ഞ തടാകത്തിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. അരുണാചൽ പ്രദേശിലെ മനോഹരമായ സേല പാസിലെ തടാകത്തിലാണ് ഇവർ കുടുങ്ങിയത്. മഞ്ഞുപുതച്ച പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാനെത്തിയ വിനോദസഞ്ചാരികളുടെ സംഘം അപ്രതീക്ഷിതമായി അപകടത്തിൽ പെടുകയായിരുന്നു. മഞ്ഞുവീണ് തണുത്തുറഞ്ഞുകിടന്ന തടാകത്തിലൂട നടക്കാൻ ശ്രമിച്ചവരാണ് മഞ്ഞുപാളി അടർന്ന് തടാകത്തിനുള്ളിലേക്ക് വീണത്.
എന്നാൽ സമീപത്തുനിന്നവരുടെ സമയോചിതമായ ഇടപെടൽ വലിയയൊരു ദുരന്തം ഒഴിവാക്കി. 2 സ്ത്രീകളുൾപ്പെടെ 4 പേരാണ് തടാകത്തിൽ കുടുങ്ങിയത്. നാട്ടുകാർ മുളങ്കമ്പുകൾ നൽകി ഇവരെ ഓരോരുത്തരെയായി വലിച്ച് കരയിലേക്കെത്തിക്കുകയായിരുന്നു. ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പങ്കുവച്ച കേന്ദ്രമന്ത്രി ശൈത്യകാല വിനോദസഞ്ചാരത്തിന്റെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി. ഇത്തരം ഭൂപ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം വിനോദയാത്രികരോട് അഭ്യർത്ഥിച്ചു.
At Sela Pass in Arunachal Pradesh. My advice to tourists: Walk on the Frozen Lakes with experienced people, drive carefully on slippery snow roads and be aware of snow avalanche. Temperatures is freezing so wear warm clothes and enjoy. Your safety is important. pic.twitter.com/UWz8xOzd57
— Kiren Rijiju (@KirenRijiju) January 5, 2025
“പരിചയസമ്പന്നരായ ആളുകളുമായി മാത്രം തണുത്തുറഞ്ഞ തടാകങ്ങളിൽ നടക്കുക, മഞ്ഞുവീണ് വഴുക്കലുള്ള റോഡുകളിൽ ശ്രദ്ധാപൂർവം വാഹനമോടിക്കുക, ഹിമപാതത്തെക്കുറിച്ച് അറിഞ്ഞിരിക്കുക. തണുപ്പ് കൂടുതലായതിനാൽ ചൂടുള്ള വസ്ത്രങ്ങൾ ധരിച്ച് പ്രകൃതിഭംഗി ആസ്വദിക്കൂ. നിങ്ങളുടെ സുരക്ഷയാണ് പ്രധാനം,” എക്‌സിൽ പങ്കുവച്ച വീഡിയോക്കൊപ്പം കിരൺ റിജിജു കുറിച്ചു.