‘മേരേ സപ്നോം കി റാണി കബ് ആയേഗി തോ’ ഈ വരികള്‍ മൂളാത്തവര്‍ കുറവായിരിക്കും. ഹിന്ദി ചലച്ചിത്ര ഗാനരംഗത്ത് കിഷോര്‍ കുമാര്‍ എന്ന അതുല്യ പ്രതിഭ അത്രത്തോളം മികച്ച സംഭാവനകളാണ് നല്‍കിയിട്ടുളളത്. ഗായകന്, നടന് സംവിധായകന്, ഗാനരചയിതാവ്, സംഗീത സംവിധായകന് തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയിലെ എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് കിഷോര്‍ കുമാര്‍. സംഗീതത്തോട് ചെറുപ്പത്തില്‍ തന്നെ താല്പര്യം കാണിച്ചിരുന്ന കിഷോര്‍ കുമാര്‍ ബോംബെ ടാക്കീസില്‍ കോറസ് പാടിക്കൊണ്ടാണ് ചലച്ചിത്ര സംഗീത മേഖലയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് 1969-ല്‍ പുറത്തിറങ്ങിയ ആരാധന എന്ന ചിത്രം കിഷോര്‍ കുമാറിനെ സംഗീത ലോകത്തിന്റെ ഉയരങ്ങളിലേക്കെത്തിച്ചു.
കിഷോര്‍ – ആര്.ഡി. ബര്മന് കൂട്ടുകെട്ടില്‍ എഴുപതുകളില്‍ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച ഗാനങ്ങളായി മാറി. 1962 ല്‍ ഹാഫ് ടിക്കറ്റ് എന്ന ചിത്രത്തില്‍ ‘ആഖേ സീധീ ലഗീ’ എന്ന ഗാനം സ്ത്രീ ശബ്ദത്തില്‍ പാടി കിഷോര്‍ കുമാര്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടി. 1975 ല്‍ അയോധ്യ എന്ന ചിത്രത്തിലെ ‘എബിസിഡി ചേട്ടന് കേഡി’ എന്ന ഗാനത്തിലൂടെ മലയാളത്തിലും കിഷോര്‍ കുമാര്‍ ആലപിച്ചു. അഭിനയത്തോട് താല്പര്യം ഉണ്ടായിരുന്ന കിഷോര്‍ കുമാര്‍ ‘ദോ ഘടി കി മൗജ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ചു.
എന്നാല്‍ അഭിനയം രംഗത്ത് വേണ്ടത്ര വിജയം കണ്ടില്ല. കോമഡി ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പിടിച്ചു നിന്നെങ്കിലും അഭിനയിച്ച സിനിമകള്‍ മിക്കതും പരാജയമായിരുന്നു. വക്കീലായിരുന്ന കുഞ്ചന്‍ ലാല്‍ ഗാംഗുലിയുടേയും ഗൗരി ദേവി ധനാദ്ധ്യയുടേയും മകനായി മധ്യപ്രദേശിലെ ഖാണ്ഡവയിലെ ബംഗാളി കുടുംബത്തിലാണ് കിഷോര്‍ കുമാര്‍ ജനിച്ചത്. അഭാസ് കുമാര്‍ ഗാംഗുലി എന്നായിരുന്നു മുഴുവന്‍ പേര്. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില് ഒരാളായ അശോക് കുമാര്‍, കിഷോര്‍ കുമാറിന്റെ മൂത്ത ജ്യേഷ്ഠനാണ്. നടനായ അനൂപ് കുമാര്‍, സതീദേവി എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. 1987 ഒക്ടോബര്‍ 13 ന് ഈ അതുല്യ പ്രതിഭ ലോകത്തോട് വിടപറഞ്ഞു.
















Comments