പാരീസ്: നേഷന്‍സ് ലീഗില്‍ കരുത്തന്മാര്‍ സമനിലക്കുരുക്കില്‍ പിരിഞ്ഞു. ഫ്രാന്‍സും പോര്‍ച്ചുഗലുമാണ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞത്. ഗ്രൂപ്പ് സിയിലെ മൂന്നാം മത്സരത്തിലാണ് ലോകചാമ്പ്യന്മാരായ ഫ്രാന്‍സും യൂറോപ്യന്‍ നേഷന്‍സ് ലീഗ് ചാമ്പ്യന്മാരായ പോര്‍ച്ചുഗലും കൊമ്പുകോര്‍ത്തത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നായകനായ പോര്‍ച്ചുഗലിനെതിരെ ഫ്രാന്‍സ് ഹ്യൂഗോ ലോറിസിന്റെ നേതൃത്വത്തിലാണ് ഇറങ്ങിയത്. കരുത്തന്മാരായ പോള്‍ പോഗ്ബയും കിലിയന്‍ എംബാപ്പേയും ഗ്രീസ്മാനുമാനും പാവാര്‍ഡും ഹെര്‍ണാണ്ടസും ഇന്നലെ ഫ്രാന്‍സിനായി ഇറങ്ങി. എംബാപ്പേയും ജിറൗദും ഗ്രീസ്മാനുമാണ് മുന്നേറ്റ നിരയിലുണ്ടായിരുന്നത്. പോര്‍ച്ചുഗലിനായി റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ പെപ്പെ, സില്‍വാ, ബ്രൂണോ ഫെര്‍ണാണ്ടസ്, ഡാനിലോ എന്നിവരും കളത്തിലിറങ്ങി. മുന്നേറ്റ നിരയില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം ഫെലിക്‌സും സില്‍വയുമാണ് ഇന്നലെ കളിച്ചത്. ഇരുടീമുകളും നാലുതവണ നടത്തിയ ഗോള്‍ ശ്രമങ്ങളാണ് പ്രതിരോധത്തില്‍ തട്ടിതകര്‍ന്നത്.
ലോകോത്തര താരങ്ങള്‍ കളിക്കുന്ന ഇരുടീമുകളെന്ന നിലയില്‍ മത്സരം ശ്രദ്ധനേടിയെങ്കിലും ആരും ജയിക്കാതിരുന്നതിന്റെ നിരാശയിലാണ് ആരാധകര്‍. ഫ്രാന്‍സ് ഇതിന് മുമ്പ് ഈ സീസണിൽ കളിച്ച 5 മത്സരങ്ങളിലായി 11 ഗോളുകള്‍ എതിര്‍വലയിലെത്തിച്ചാണ് നില്‍ക്കുന്നത്. പോര്‍ച്ചുഗല്‍ കഴിഞ്ഞ നാലു അന്താരാഷ്‌ട്ര മത്സരങ്ങള്‍ ജയിച്ചാണ് നേഷന്‍സ് ലീഗില്‍ കളിക്കാനിറങ്ങിയത്.
ഇന്നലെ പെപ്പെ ഹെഡ്ഡറിലൂടെ നടത്തിയ ശ്രമവും 102 അന്താരാഷ്‌ട്ര ഗോളിനായി ക്രിസ്റ്റിയാനോ നടത്തിയ മികച്ച ഷോട്ടും വിഫലമായി.
















Comments