ദന്തസംരക്ഷണം എന്നതാണ് നമ്മുടെ ശാരീരികാരോഗ്യത്തിന്റെ പ്രധാന ഘടകം. മനുഷ്യശരീരത്തിലെ പ്രധാനി തന്നെയാണ് പല്ലുകളും. പല്ലുകളുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ സൂക്ഷ്മാണുക്കളുടെ കൈകടത്തലുകൾ മൂലം പല്ലുകൾ നശിച്ച് പോകാൻ സാധ്യതയുണ്ട്. ദന്തസംരക്ഷണത്തിന് പലവിധത്തിലുള്ള വസ്തുക്കൾ പരീക്ഷിച്ചിട്ടും മാറ്റമൊന്നും ഇല്ലെങ്കിൽ ചില ആയുർവേദ രീതികൾ നോക്കാം.
ആദ്യത്തെ രീതി എണ്ണ ഉപയോഗിച്ച് ഉള്ളതാണ്. വായിൽ എണ്ണ ഒഴിക്കുന്ന രീതിയാണിത്. മോണയിൽ നിന്നും പല്ലുകളിൽ നിന്നും സൂക്ഷ്മാണുക്കളെ നീക്കം ചെയ്യാനും വായിലെ അൾസർ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. കൂടാതെ വായിലെ പേശികളും കൂടുതൽ ശക്തിപ്പെടുന്നു. വെളിച്ചെണ്ണയോ എള്ളെണ്ണയോ ഇതിനായി ഉപയോഗിക്കാം. 15 – 20 മിനിറ്റ് വായിൽ പിടിച്ചതിന് ശേഷം തുപ്പികളയുക.
പല്ലുതേക്കുമ്പോൾ ആര്യവേപ്പിന്റെ ഇല ഉപയോഗിക്കുക. സൂക്ഷ്മാണുക്കളെ ഇല്ലാതാക്കാൻ ആര്യവേപ്പിന് പ്രധാന കഴിവുണ്ട്. അതിനാൽ തന്നെ ദന്തസംരക്ഷണത്തിന് ആര്യവേപ്പ് വളരെ അധികം സഹായിക്കുന്നു. ആര്യവേപ്പിന്റെ ചെറിയ ഒരു കൊമ്പ് എടുത്തതിന് ശേഷം അതിന്റെ ഒരു ഭാഗം കടിച്ച് കടിച്ച് ബ്രഷ് പോലെ ആക്കി ഉപയോഗിക്കുക. ശേഷം പല്ലുകൾക്കിടയിൽ കുരുങ്ങി കിടക്കുന്ന ആര്യവേപ്പിന്റെ കൊമ്പിന്റെ ഭാഗങ്ങൾ കളയാനും മറക്കരുത്.
പല്ല് വൃത്തിയാക്കുന്നതിനോടൊപ്പം നാവും വൃത്തിയാക്കാൻ ശ്രമിക്കുക. പല്ല് വൃത്തിയാക്കിയതിന് ശേഷം നാവ് വടിക്കുക. അതൊരു ശീലമാക്കുക.
ത്രിഫല കഷായം വായിൽ പിടിക്കുക. ദന്തസംരക്ഷണത്തിനപ്പുറം വായിൽ അൾസർ വരാതിരിക്കാനും ത്രിഫല കഷായം സഹായിക്കുന്നു. വെള്ളവുമായി ചേർത്ത് ത്രിഫല കഷായം ചൂടാക്കണം. ചൂടാറിയതിന് ശേഷം ആണ് വായിൽ പിടിക്കേണ്ടത്.
ദന്തസംരക്ഷണത്തിനായി ഭക്ഷണ ശേഷം ബ്രഷ് ചെയ്യണം എന്നാണെങ്കിലും തിരക്കുകൾ കാരണം പലർക്കും അത് സാധ്യമല്ല. അതിനാൽ രാവിലെയും രാത്രി കിടക്കുന്നതിന് മുൻപും ബ്രഷ് ചെയ്യാൻ ശ്രമിക്കുക.
Comments