ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ സഹകരണ ബാങ്ക് കവർച്ചാകേസിലെ മുഖ്യപ്രതി പിടിയിലായി.അന്തർ സംസ്ഥാന മോഷ്ടാവ് തിരുവനന്തപുരം കാട്ടാക്കട സ്വദേശി അൽബിൻ രാജാണ് പിടിയിലായത്. കേസിൽ അന്വേഷണം ആരംഭിച്ച ശേഷം ഇയാൾ ഒളിവിലായിരുന്നു. കോയമ്പത്തൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ബാങ്ക് കവർച്ചാ കേസിൽ രണ്ടു പേർ നേരത്തെ അറസ്റ്റിലായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഹരിപ്പാട് വാടകയ്‌ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളി വീട്ടിൽ ഷൈജു , മൂന്നാം പ്രതി തിരുവനന്തപുരം കാട്ടാക്കട സ്വദേശിഷിബു എന്നിവരെയാണ് അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തത്.
ഓണാവധിയ്‌ക്കായി അടച്ച കരുവാറ്റ സർവീസ് സഹകരണ ബാങ്ക് ,അവധിയ്‌ക്ക് ശേഷം സെപ്റ്റംബർ മൂന്നിന് തുറന്നപ്പോഴാണ് ബാങ്കിൽ മോഷണം നടന്ന വിവരം അധികൃതർ പോലീസിൽ അറിയിച്ചത്. നാലര ലക്ഷം രൂപയും നാലര കിലോ സ്വർണവുമാണ് മോഷണം പോയത്. സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്‌ക് അടക്കം പ്രതികൾ കൊണ്ടുപോയതിനാൽ അദ്യഘട്ടത്തിൽ അന്വേഷണം വഴിമുട്ടിയിരുന്നു.
Comments