ന്യൂഡൽഹി ; അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം തുടരുന്നതിനിടെ ചൈനയ്‌ക്ക് വൻ തിരിച്ചടി നൽകി ഇന്ത്യ. ചൈനീസ് കമ്പനികളുടെ എയർ കണ്ടീഷണറുകളുടെ ഇറക്കുമതി പൂർണമായും നിരോധിച്ചു . ചൈന,തായ് ലാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലേയ്‌ക്ക് പ്രധാനമായും എയർ കണ്ടീഷനർ ഇറക്കുമതി ചെയ്യുന്നത് . അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഈ തീരുമാനം ചൈനീസ് കമ്പനികളെ വൻ പ്രതിസന്ധിയിലാക്കും .
ഏകദേശ 500 ദശലക്ഷം ഡോളർ വിലവരുന്ന എയർകണ്ടീഷണറുകളുടെ ഇറക്കുമതിക്കാണ് വ്യാഴാഴ്ച രാത്രി ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. പ്രാദേശിക ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ചൈനയിൽ നിന്നുള്ള ഇറക്കുമതി നിർത്തുന്നതിനുമായാണ് ഇറക്കുമതിയിലെ മാനദണ്ഡങ്ങൾ ഇന്ത്യ കൂടുതൽ കർശനമാക്കിയത്.
വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് വേണ്ടി ഫോറിൻ ട്രേഡ് ഡയറക്ടറേറ്റ് ജനറൽ ആണ് നിരോധനം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഉൽസവകാലം പ്രമാണിച്ച് വിപണിയിൽ വ്യാപാരം ആരംഭിക്കാനിരിക്കെയാണ് ചൈനയ്‌ക്ക് ഇരുട്ടടിയാകുന്ന പുതിയ തീരുമാനം . ചൈനീസ് ഉല്‍പ്പന്നങ്ങളെ നിയന്ത്രിക്കാനായി ഇന്ത്യ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.അതിൽ ഒന്നാണിതെന്നാണ് സൂചന.
ചൈന, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നാണ് 97 ശതമാനം എസികളും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇത് ഏകദേശം 154.85 മില്യൺ ഡോളർ വരും. ഇതിൽ തായ്‌ലൻഡിൽ നിന്നും 18 ദശലക്ഷം ഡോളറിന്റേതും ചൈനയിൽ നിന്ന് 14 ദശലക്ഷം ഡോളറിന്റേതും ഇറക്കുമതി ചെയ്തു.
ഏപ്രിൽ -ജൂലൈ കാലയളവിൽ ഇന്ത്യ 158.87 മില്യൺ ഡോളറിന്‍റെ എസികൾ ഇറക്കുമതി ചെയ്തിരുന്നു. ജൂലൈയിൽ കളർ ടെലിവിഷനുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.
Comments