ന്യൂഡൽഹി: അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാവുമെന്ന സൂചന നല്‍കി സെറം ഇന്‍സ്റ്റിട്ട്യൂട്ട്. രാജ്യത്ത് കൊറോണ മരുന്ന് പരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. വാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിയുള്‍പ്പെടെ വേഗത്തില്‍ ലഭ്യമാവുന്ന സാഹചര്യം ഉണ്ടായാല്‍ 2021 മാര്‍ച്ചോടെ ഇന്ത്യക്ക് കൊറോണ വാക്‌സിന്‍ ലഭിച്ചേക്കാമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുരേഷ് ജാദവിന്റെ പ്രതികരണം.
നിലവിലെ രീതിയില്‍ മുന്നോട്ട് പോയാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, 2020 ഡിസംബറോടെ 60-70 ദശലക്ഷം ഡോസ് വാക്സിനുകള്‍ തയ്യാറാക്കും. ലൈസന്‍സിംഗ് ക്ലിയറന്‍സിനുശേഷം 2021 ല്‍ മാത്രമെ അത് വിപണിയിലേക്കെത്തൂ. പിന്നീട് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ കൂടുതല്‍ ഡോസുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിനാണ് സെറം ഇന്ത്യയില്‍ പരീക്ഷണത്തിന് വിധേയമാക്കുന്നത്. ‘ഒന്നിലധികം നിര്‍മ്മാതാക്കളാണ് നിലവില്‍ വാക്‌സിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വാക്‌സിന്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ അതിവേഗംമുന്നോട്ട് നീങ്ങുകയാണ്. രണ്ട് നിര്‍മ്മാതാക്കള്‍ ഇതിനകം വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ് മറ്റൊന്ന് രണ്ടാം ഘട്ട പരീക്ഷണവും നടക്കുകയാണ്. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ പരീക്ഷണ രംഗത്തേക്ക് കടന്നുവരുന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ വാക്‌സിന്‍ ഉത്പാദനത്തിന്റെ ആവശ്യകതയെ കുറിച്ചും ഡോ. സുരേഷ് ജാദവ് വ്യക്തമാക്കി. വാക്‌സിന്‍ ലഭ്യത സംബന്ധിച്ച് നടന്ന ഇ സമ്മിറ്റിലാണ് ഡോ. സുരേഷ് ജാദവ് അഭിപ്രായം പങ്കുവെച്ചത്. ”വാക്‌സിനായുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തന്നെ മുന്നോട്ട് പോയാല്‍ പ്രതിവര്‍ഷം 700-800 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ജനസംഖ്യയുടെ 55 ശതമാനം 50 വയസ്സിന് താഴെയുള്ളവരാണ്. എന്നാല്‍ വാക്‌സിനുകളുടെ ലഭ്യതയനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കണം ആദ്യം വാക്‌സിനുകള്‍ ലഭ്യമാക്കേണ്ടത്. തുടര്‍ന്ന് 60 വയസ്സിനു മുകളിലുള്ള ആളുകള്‍ക്കും, മറ്റ് അസുഖങ്ങളോടൊപ്പം കൊറോണ ബാധിക്കുന്നവര്‍ക്കുമായിരിക്കണം ആദ്യ പരിഗണ ലഭിക്കേണ്ടത്.
















Comments