കറാച്ചി: പാകിസ്താന്‍ പ്രധാനമന്ത്രിക്കെതിരെ കനത്ത മുന്നറിയിപ്പുമായി പ്രതിപക്ഷത്തിന്റെ കൂറ്റന്‍ റാലി. നവാസ് ഷെരീഫിന്റെ മകളായ മരിയം നവാസ് നയിക്കുന്ന റാലിയാണ് ജനലക്ഷങ്ങള്‍ പങ്കെടുത്തുകൊണ്ട് ഭരണകൂടത്തെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചത്. നവാസ് ഷെരീഫിനെ ഭരണത്തിലേറ്റുമെന്ന് റാലിയില്‍ മരിയത്തിനൊപ്പം പ്രതിപക്ഷം പ്രതിജ്ഞ ചെയ്തു.
ഞായറാഴ്ച കറാച്ചിയില്‍ നടന്ന പ്രചാരണ റാലിയില്‍ പാകിസ്താന്‍ സര്‍ക്കാറിന്റെ ഭരണരംഗത്തെ എല്ലാ പാളിച്ചകളും മരിയം അക്കമിട്ട് നിരത്തി. സാമ്പത്തിക തകര്‍ച്ചയും കൊറോണ പ്രതിരോധത്തിലെ വന്‍ പരാജയവും അന്താരാഷ്‌ട്രരംഗത്തു ണ്ടായിരിക്കുന്ന ചീത്തപ്പേരും മരിയം എടുത്തുപറഞ്ഞു. ഇമ്രാന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പോലും ഭയമാണെന്ന് പരിഹസിച്ച മരിയം ടിവിയിലൂടെ ജനങ്ങളോട് ഭയക്കേണ്ടതില്ലെന്ന് ഇമ്രാന്‍ പറഞ്ഞ വാക്കുകളെ എടുത്തുപറഞ്ഞാണ് വിമര്‍ശിച്ചത്. കേവലം ഒരു യോഗം കഴിഞ്ഞപ്പോള്‍ തന്നെ ഇമ്രാന്‍ഖാന്‍ വിരണ്ടു പോയെന്നും മരിയം പരിഹസിച്ചു.
ഭയം നിങ്ങളുടെ ഓരോ വാക്കിലും ഒളിഞ്ഞിരിക്കുകയാണ്. നിങ്ങളുടെ പ്രവര്‍ത്തിയിലും അത് വ്യക്തമാകുന്നു. ജനങ്ങള്‍ക്ക് നിങ്ങളുടെ മുഖത്തെ ആ ഭയം ശരിക്കും മനസ്സിലായി, മരിയം റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് സൈന്യത്തിന് ഭരണരംഗത്തെ എല്ലാ മേഖലകളും വിട്ടുനല്‍കിയ ഇമ്രാന്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ജനങ്ങളെ വഞ്ചിച്ചുവെന്നും മരിയം കുറ്റപ്പെടുത്തി. ഇല്ലാത്ത കേസ്സുകള്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ചുമത്തുന്നതും കോടതി വഴി നേതാക്കളെ വധശിക്ഷയ്‌ക്ക് വിധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും വീട്ടുതടങ്കലിലാക്കുന്നതും ഭയംകൊണ്ടാണെന്ന് മരിയം പറഞ്ഞു.
പാര്‍ലമെന്റിലെ നിരവധി സുപ്രധാന യോഗങ്ങളില്‍ പങ്കെടുക്കാതെ ഓടിയൊളിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് ഇമ്രാനെന്നും നിങ്ങള്‍ക്ക് ഭരണം എന്താണെന്ന് നവാസ് ഷെരീഫില്‍ നിന്ന് പഠിക്കണമെന്നും മരിയം വ്യക്തമാക്കി. ജനങ്ങള്‍ക്ക് തൊഴിലില്ലാതാക്കിയും മരുന്നുകള്‍ നിഷേധിച്ചും ഇമ്രാന്‍ ദ്രോഹിക്കുകയാണ്. ഒപ്പം വന്‍കടക്കെണിയിലേയ്‌ക്ക് രാജ്യത്തെ തള്ളിവിട്ടിരിക്കുകയുമാണെന്നും മരിയം കുറ്റപ്പെടുത്തി. പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെ രണ്ടാമത്തെ റാലിയാണ് ഇന്നലെ ഇമ്രാനെതിരെ നടത്തിയത്. ആദ്യത്തേത് ലാഹോറിലെ ഗുജ്‌റന്‍വാലയിലാണ് നടന്നത്.
Comments