സെപ്റ്റംബർ, ഒക്ടോബർ മാസകാലയളവിൽ (മലയാള മാസം കന്നി, തുലാം) ഭാരതത്തിൽ അങ്ങോളം ഇങ്ങോളം ആഘോഷിക്കുന്ന ഉത്സവമാണ് നവരാത്രി അഥവാ ദസറ. പലയിടങ്ങളിലും വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്ന ഈ ഉത്സവം ദേവീ സങ്കൽപ്പത്തിലെ പല ഭാവങ്ങളായ ഭദ്രകാളി, ലക്ഷ്മീദേവി, സരസ്വതീദേവി എന്നിവരുടെ കടാക്ഷത്തിന് പാത്രീഭൂതരാവുന്നതിന് വേണ്ടിയാണ്. വെളുത്ത പക്ഷത്തിലെ അമാവാസി മുതൽ പൗർണമി വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. ഈ ദിവസങ്ങളിൽ വ്രതാനുഷ്ഠാനത്തോടെയാണ് ഹിന്ദുക്കളായ മലയാളികൾ നവരാത്രി അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നത്.
ഇതിൽ അവസാന ദിനങ്ങളായ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി പ്രാധാന്യം അർഹിക്കുന്നു.കേരളത്തിൽ സരസ്വതീദേവി ഭാവത്തെയാണ് ഈ ദിവസങ്ങളിൽ ആരാധിക്കപ്പെടുന്നത്. സരസ്വതീദേവി വിദ്യാദേവതയാണെന്ന വിശ്വാസത്താൽ വിദ്യാരംഭത്തിനും, ആയുധപൂജയ്‌ക്കും സവിശേഷതയുള്ള ദിനങ്ങളാണ് ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി. ദുർഗ്ഗാഷ്ടമി ദിവസം പുസ്തകങ്ങളും, ആയുധങ്ങളും പൂജയ്‌ക്ക് സമർപ്പിക്കുന്നു. തുടർന്ന് വിജയദശമി ദിവസം പൂജയെടുപ്പും വിദ്യാരംഭവും നടക്കുന്ന ശ്രേഷ്ഠമായ ചടങ്ങുകളാണ് ഉള്ളത്. ഗുരുവിനെ ദൈവതുല്യമായി കാണുന്ന ദിവസങ്ങളാണിത്. നവരാത്രി ദിനങ്ങൾ കലോപാസകർക്ക് തങ്ങളുടെ കഴിവുകളെ ദൈവസന്നിധിയിൽ അർപ്പിക്കുവാനുള്ള അവസരം കൂടിയാണ്.
സംഗീതം, നൃത്തം തുടങ്ങിയ സുകുമാരകലകൾ വിദ്യാർത്ഥികളും ഗുരുക്കന്മാരും ഭക്തിപൂർവ്വം ഇവിടെ സമർപ്പിക്കപ്പെടുന്നു. ഗുരുക്കന്മാർക്ക് ദക്ഷിണ നൽകി അനുഗ്രഹം നേടുവാനുള്ള അവസരം കൂടിയാണിത്. വിജയദശമി ദിവസം വിദ്യാരംഭം കുറിക്കുവാൻ ശ്രേഷ്ടമാണ്. ക്ഷേത്രങ്ങൾ പൂമാലകളും, കുരുത്തോലയും, വാഴക്കുലകളും കൊണ്ട് കമനീയമായി അലങ്കരിക്കാറുണ്ട്. കേരളത്തിൽ മറ്റു ക്ഷേത്രങ്ങൾക്കൊപ്പം പനച്ചിക്കാവ്, തിരുവുള്ളക്കാവ്, ചോറ്റാനിക്കര ദേവീക്ഷേത്രം, ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പറവൂർ സരസ്വതീക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാധാന്യത്തോടെ നവരാത്രി ആഘോഷിച്ചുവരുന്നു. ദക്ഷിണേന്ത്യയിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം വിദ്യാരംഭത്തിനും, കലാസമർപ്പണത്തിനും പ്രസിദ്ധമാണ്. കലാകാരൻമാർ വാദ്യസംഗീതോപകരണങ്ങളും, ചിലങ്കയും ഭക്തിപൂർവ്വം പൂജയ്‌ക്ക് സമർപ്പിക്കാറുണ്ട്. ഒൻപതാം ദിവസമായ വിജയദശമിയോടെ ചടങ്ങുകൾക്ക് ശേഷം നവരാത്രി ഉത്സവത്തിന് തിരശീല വീഴുന്നു.
















Comments