കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് ഇക്കുറി വീടുകളിൽ തന്നെയാണ് നവരാത്രി ആഘോഷിക്കുന്നത്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഉണ്ടെങ്കിലും പുസ്തകങ്ങളും ആയുധങ്ങളും പൂജയ്‌ക്കു വെയ്‌ക്കുന്നതും, വിദ്യാരംഭ ചടങ്ങുകളും എല്ലാം വീട്ടിൽ തന്നെ ഒരുക്കുവാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ദുർഗ്ഗാഷ്ടമി നാളിൽ സന്ധ്യക്ക് ദീപം കൊളുത്തിയ ശേഷമാണ് പൂജയ്‌ക്ക് വെയ്‌ക്കുക. പൂജാമുറിയിലോ പ്രത്യേകമൊരുക്കിയ മുറിയിലോ പുസ്തകങ്ങളും, ആത്മീയ ഗ്രന്ഥങ്ങളും, സംഗീതോപകരണങ്ങളും, തൊഴിലുപകരണങ്ങളും പൂജയ്‌ക്കു വെയ്‌ക്കാം. അഞ്ച് തിരിയുള്ള നിലവിളക്ക് കൊളുത്തിവെച്ച് സരസ്വതീ ദേവിയുടെയും, മറ്റ് ഇഷ്ടദേവതകളുടെയും ചിത്രങ്ങളോ വിഗ്രഹങ്ങളോ അടുത്ത് വെയ്‌ക്കാം.
രണ്ടു ദിവസത്തെ പൂജ വെയ്പ്പിന് ശേഷം മൂന്നാം നാൾ വിജയദശമിയുടെ അന്ന് കുട്ടികളെ എഴുത്തിനിരുത്തും. ഇത്തവണ വിദ്യാരംഭ ചടങ്ങുകൾ വീട്ടിൽ ആയതുകൊണ്ട് ചില പ്രത്യേക ഒരുക്കങ്ങൾ വേണം. നിലവിളക്ക്, തിരി, എണ്ണ, തേൻ, വയമ്പ്, ത്രിമധുരം, പടുക്ക എന്നിവ മുൻകൂട്ടി കരുതി വെയ്‌ക്കുക. വിജയദശമി ദിവസം രാഹുകാലം തുടങ്ങുന്നതിനു മുൻപ് സരസ്വതീ പൂജയും വിദ്യാരംഭവും ആരംഭിക്കണം. തുടർന്ന് സ്വർണമോതിരം കൊണ്ട് കുട്ടികളുടെ നാവിൽ ഹരിശ്രീ കുറിക്കാം. പതിവ് പൂജയും ജപവും കഴിഞ്ഞാൽ പൂജയ്‌ക്ക് വെച്ച പുസ്തകങ്ങൾളും മറ്റും തിരിച്ചെടുക്കാം.
തിന്മയെ ഇല്ലാതാക്കി നന്മ കുടിയിരുത്തുക എന്നതാണ് നവരാത്രി ആഘോഷത്തിന്റെ പൊരുൾ. സരസ്വതീ ദേവിയെ പ്രീതിപ്പെടുത്തിയാൽ വിദ്യാസമ്പന്നതയും സർവ്വഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം. രാജ്യത്തിന്റെ വിവിധ ഭാഗത്തു നവരാത്രി ആഘോഷിക്കുന്നുണ്ടെങ്കിലും വിജയദശമിയുമായി ബന്ധപ്പെട്ട കഥകൾ വ്യത്യസ്തമാണ്. വടക്കു തെക്കു ഭാഗങ്ങളിൽ രാവണനെ വധിച്ച രാമന്റെ വിജയമായാണ് നവരാത്രി ആഘോഷിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഹിഷാസുരനെ വധിച്ച ദുർഗ്ഗാദേവിയുടെ വിജയമായാണ് നവരാത്രി ആഘോഷിക്കുന്നത്.
Comments