ലോക്ക് ഡൗണിനെ തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് ആത്മഹത്യ നിരക്കിൽ വൻ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. പെൺകുട്ടികളിലാണ് ആത്മഹത്യാ പ്രവണത കൂടുതലായി കാണുന്നത്. ഡി. ജി.പി. ആർ ശ്രീരേഖ അധ്യക്ഷയായ സമിതിയുടെ പഠന റിപ്പോർട്ടിലാണ് കുട്ടികളുടെ ആത്മഹത്യാ കണക്കുകൾ വെളിപ്പെടുത്തിയത്. ലോക്ക് ഡൗണിനു രണ്ടു മാസം മുൻപ് മുതൽ ജൂലൈ വരെയുള്ള കണക്കുകളിൽ 158 കുട്ടികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. അതിൽ 90 പേരും പെൺകുട്ടികളാണ്. ലൈംഗിക പീഡനങ്ങളും, പ്രണയനൈരാശ്യവുമാണ് ഒട്ടുമിക്ക ആത്മഹത്യകളുടേയും പിന്നിലുള്ള കാരണങ്ങൾ.
പെൺകുട്ടികളിൽ ലൈംഗികമായ ചൂഷണങ്ങൾ ദിനംപ്രതി കൂടി വരികയാണ്. സ്വന്തം വീടുകളിൽ പോലും പെൺകുട്ടികൾക്ക് സുരക്ഷിതരായി ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ബന്ധുക്കളെയോ സ്വന്തക്കാരെയോ വിശ്വസിക്കാനാവുന്നില്ല. ഇത് അവരിൽ മാനസികമായി വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. സമൂഹത്തിൽ താൻ സുരക്ഷിതരല്ല എന്നൊരു തിരിച്ചറിവ് അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. പ്രണയനൈരാശ്യമാണ് മറ്റൊരു കാരണം. പ്രണയം നടിച്ച് പെൺകുട്ടികളെ ചതിക്കുഴിയിൽ എത്തിക്കുന്നതും ഇന്ന് ഒരു പുതിയ സംഭവമല്ല. താൻ ചതിക്കപ്പെട്ടു എന്ന് മനസിലാക്കുമ്പോൾ അവർ മാനസികമായി തളരുകയാണ്. ഇത് അവരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്കും ഒടുവിൽ ആത്മഹത്യയിലേക്കും നയിക്കുന്നു.
പതിനഞ്ച് വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിലുള്ള പെൺകുട്ടികളിലാണ് കൂടുതലായി ആത്മഹത്യ പ്രവണത കണ്ടുവരുന്നത്. മാതാപിതാക്കളുടെ ശകാരങ്ങൾ പോലും ചില കുട്ടികൾ ജീവനൊടുക്കാൻ കാരണമാക്കുന്നു. അതുപോലെ പ്രത്യേകിച്ച് കാരണവുമില്ലാതെ 41 ശതമാനം കുട്ടികളും ആത്മഹത്യ ചെയ്തുവെന്ന് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പോലീസിന്റെ കണക്കുകൾ പ്രകാരം ലോക്ക് ഡൗൺ കാലത്തു മാത്രം 173 കുട്ടികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കൗമാരക്കാരിൽ ആത്മഹത്യ കണക്ക് കൂടിയിരിക്കുകയാണെന്നാണ് പഠനത്തിൽ പറയുന്നത്.















Comments