ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ രംഗത്തെ സുപ്രധാന കരാറുകള്‍ ഇന്ന് ഒപ്പുവെയ്‌ക്കും. ഇരുരാജ്യങ്ങളുടെയും പ്രതിരോധ-വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത ചര്‍ച്ചയിലാണ് നിർണായക കരാര്‍ ഒപ്പിടുക. ഇരു രാജ്യങ്ങളുടെ ഭൂവിഭാഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ സൈനിക സംവിധാനങ്ങളുടെ വിന്യാസവും മുന്നൊരുക്കവും ഏതു സമയത്തും പരസ്പരം കൈമാറാനും സഹായം എത്തിക്കാനുമുള്ള തന്ത്രപരമായ കരാറാണ് നടപ്പിലാക്കാന്‍ പോകുന്നത്. ബേസിക് എക്‌സ്‌ചേഞ്ച് ആന്റ് കോപ്പറേഷന്‍ എഗ്രിമെന്റ് ഫോര്‍ ജിയോ-സ്പാറ്റിയല്‍ കോപ്പറേഷന്‍ (ബിഎസിഎ-ബെകാ) എന്ന പേരിലാണ് സംയുക്ത ധാരണ അറിയപ്പെടുന്നത്.
ഇന്ത്യ-അമേരിക്ക മൂന്നാം സംയുക്ത മന്ത്രിതല ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. പ്രതിരോധ രംഗത്ത് ഇന്ത്യക്കായി കേന്ദ്രമന്ത്രി രാജ് നാഥ് സിംഗും അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും പങ്കെടുക്കും. വിദേശകാര്യവിഭാഗത്തില്‍ ഇന്ത്യക്കായി കേന്ദ്രമന്ത്രി എസ്. ജയശങ്കറും അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമാണുള്ളത്. ഇന്ന് രാവിലെ 10 മണി മുതല്‍ സംയുക്ത സമ്മേളനം ആരംഭിക്കുമെന്ന് പ്രതിരോധവകുപ്പ് അറിയിച്ചു.
മൈക്ക് പോംപിയോയും മാര്‍ക്ക് എസ്പറും ഇന്നലെയാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയ്‌ക്ക് പുറമേ ശ്രീലങ്കയും മാല്‍ദീവ്‌സും അമേരിക്കന്‍ പ്രതിനിധി സംഘം സന്ദര്‍ശിക്കും. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരത്തില്‍ പൂര്‍ത്തിയാകുന്നതിനാല്‍ തന്നെ ഇന്ത്യയുമായി നടക്കുന്ന ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളുമയി ദീര്‍ഘകാലത്തെ ബന്ധം ഊട്ടയുറപ്പിക്കാനുള്ളതാണെന്ന് മൈക്ക് പോംപിയോ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്നലെ പോംപിയോ അനൗപചാരികമായി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ പടനീക്കവും അതിനോടുള്ള അമേരിക്കയുടെ ഇന്ത്യാ അനുകൂല നിലപാടുകളും ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ കരാറുകളെ സ്വാധീനിക്കുന്നുണ്ട്. ഒപ്പം ഏഷ്യാ-പെസഫിക് മേഖലിയലെ ക്വാഡ് സൈനിക-വാണിജ്യ സഖ്യത്തില്‍ ഇന്ത്യയുടെ പങ്ക് കൂടുതല്‍ ശക്തമാക്കാനുള്ള തീവ്ര നടപടികളാണ് അമേരിക്ക എടുത്തുകൊണ്ടിരിക്കുന്നത്.
















Comments