ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട, കനൽ കെട്ടില്ലെങ്കിൽ പൊള്ളും; വൈറലായി സുരേഷ് ഗോപിയുടെ മാസ് ഡയലോഗ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി നായകനായെത്തുന്ന കാവൽ. നിഥിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിലൊരുങ്ങുന്ന കാവലിൽ തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണ വിശേഷങ്ങളെല്ലാം ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ വൈറലാകുകയാണ് ചിത്രത്തിൽ നിന്നുള്ള സുരേഷ് ഗോപിയുടെ ഒരു സ്റ്റിൽ ഫോട്ടോ.

തന്റെ ഫേസ്ബുക്ക് പേജിലൂടെ സുരേഷ് ഗോപി തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നൽകിയിരിക്കുന്ന ക്യാപ്ഷനും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട, കനൽ കെട്ടില്ലെങ്കിൽ പൊള്ളും എന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ചിരുന്ന കാവലിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്‌ച്ചയാണ് പുനരാരംഭിച്ചത്. വണ്ടിപ്പെരിയാറിലാണ് കാവലിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ജോബി ജോർജാണ് ചിത്രത്തിന്റെ നിർമ്മാതാവ്. നിഖിൽ എസ് പ്രവീണാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. രഞ്ജിത് രാജ് സംഗീതം നൽകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മൻസൂർ മുത്തൂട്ടിയാണ്. ലാൽ, രഞ്ജി പണിക്കർ, സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയൻ, സുജിത് ശങ്കർ, അലൻസിയർ, കണ്ണൻ രാജൻ പി ദേവ് എന്നിവർ ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നു.

Share