മുംബൈ : മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ ക്രൂരമായ മർദ്ദനമുറകളെപ്പറ്റി വിവരിച്ച് പ്രഗ്യസിംഗ് താക്കൂർ. മലേഗാവ് കേസിൽ തന്നെ കുടുക്കിയ സമയത്ത് അനുഭവിച്ച മർദ്ദന മുറകളെപ്പറ്റി റിപ്പബ്ലിക് ടിവിയോടാണ് പ്രഗ്യസിംഗ് പ്രതികരിച്ചത്. അന്ന് എ.ടി.എസ് ഉദ്യോഗസ്ഥനായിരുന്ന പരംബീർ സിംഗ് ക്രൂരനും അഴിമതിക്കാരനുമാണെന്നും പ്രഗ്യ വ്യക്തമാക്കി. സുശാന്ത് സിംഗ് രാജ്പുത്ത് കേസിൽ മെല്ലെപ്പോക്കിന് ആരോപണം നേരിടുന്നയാളാണ് പരംബീർ സിംഗ്.
പോലീസ് ആവശ്യപ്പെട്ടത് സമ്മതിക്കാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. പോലീസുകാർക്ക് ശക്തി പോരെന്ന് പറഞ്ഞ് ബെൽറ്റുകൊണ്ട് ഭീകരമായി സിംഗ് തന്നെ മർദ്ദിച്ചു. ബോധം കെട്ടു വീണിട്ടും മർദ്ദനം നിർത്തിയില്ല. നിരന്തരമുള്ള മർദ്ദനത്തെ തുടർന്ന് ശ്വാസകോശങ്ങൾ തകരാറിലായിട്ടും തന്നെ പടികൾ കയറ്റിയെന്നും പ്രഗ്യ പറഞ്ഞു.
ഒരു മുറിയിലേക്ക് കൊണ്ടു വന്ന് പോലീസുകാരെല്ലാവരും കൂടി ഒരുമിച്ച് ഭിത്തിയിലേക്ക് തള്ളിയിടും. തലയടിച്ച് പല പ്രാവശ്യം വീണ് അബോധാവസ്ഥയിലായി. വയറുകൾ ഘടിപ്പിച്ച കട്ടിലിൽ ഇരുത്തിയിട്ട് പോലീസിന് ആവശ്യമുള്ള ഉത്തരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും പ്രഗ്യ ഓർമ്മിച്ചു.
പ്രഗ്യസിംഗിന്റെ തുറന്നു പറച്ചിൽ പുറത്തുവന്നതോടെ പരംബീർ സിംഗിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.
















Comments