തിരുവനന്തപുരം:സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽ നിന്നും എൻഫോഴ്സ്മൻറ് വിവരങ്ങൾ തേടും.മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടുന്നത്. ശിവശങ്കറിന്റെ സാന്നിദ്ധ്യത്തിൽ പല തവണ മുഖ്യമന്ത്രിയുമായി സ്വപ്ന സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സ്പെയ്സ് പാർക്കിൽ സ്വപ്നയ്‌ക്ക് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ക്രിമിനൽ കേസുള്ള സാഹചര്യത്തിലും സ്വപ്നയ്‌ക്ക് സ്പെയ്സ് പാർക്കിൽ ജോലി കിട്ടാനായി ഉന്നതതലങ്ങളിൽ നിന്ന് ഇടപെടലുണ്ടായി എന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണ സംഘത്തിന് വ്യക്തത വരുത്തേണ്ടതുണ്ട്.
മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനസമയത്ത് സംഘത്തിൽ സ്വപ്നയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണ സംഘത്തിന് സംശയങ്ങളുണ്ടായിരുന്നു. മറ്റൊന്ന് ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്നയ്‌ക്ക് കൈക്കൂലി ലഭിതച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വന്ന സമയം മുതൽ സ്വപ്നയുമായി വ്യക്തിപരമായ പരിചയമില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു പറയുകയായിരുന്നു. എന്നാൽ പിന്നീട് പുറത്തുവന്ന തെളിവുകൾ മുഖ്യമന്ത്രിയ്‌ക്ക് അത്രപ്പെട്ടെന്ന് പ്രതിരോധിക്കാൻ കഴിയുന്നതായിരുന്നില്ല. മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായ അദ്ദേഹത്തിന്റെ
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണ സംഘം ഇന്നലെയാണ് അറസ്റ്റു ചെയ്തത്. ഇത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി എന്ന കാര്യത്തിൽ സംശയമില്ല. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ . മുഖ്യമന്ത്രിയ്‌ക്ക് ഇത്രയും അടുപ്പമുള്ള എം.ശിവശങ്കറിന്റെ ഈ ഇടപാടുകൾ അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അന്വേഷണ സംഘം മുഖവിലയ്‌ക്കെ ടുത്തിട്ടില്ല .
ചോദ്യാവലി തയ്യാറാക്കി നൽകിയായിരിക്കും മുഖ്യമന്ത്രിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടുന്നത്. അതിലും വ്യക്തത വന്നില്ലെങ്കിൽ നേരിട്ടു തന്നെ മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Comments