ഭോപ്പാൽ: ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം നടത്താനൊരുങ്ങുന്നതായി സൂചന നൽകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഇത്തരത്തിൽ നിയമനിർമ്മാണം നടത്താനൊരുങ്ങുന്ന മൂന്നാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്.
‘പ്രണയത്തിന്റെ പേരിൽ ജിഹാദ് നടത്തുന്നത് അനുവദിക്കില്ല. അത്തരം പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതാണ്’. ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. 28 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബിജെപി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കഴിഞ്ഞ ദിവസം ഹിന്ദു പെൺക്കുട്ടികളെ ലൗ ജിഹാദിൽ നിന്ന് സംരക്ഷിക്കാൻ നിയമം കൊണ്ടുവരണമെന്ന് ഭോപ്പാൽ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറും ആവശ്യപ്പെട്ടിരുന്നു. ഫരീദാബാദിൽ അടുത്തിടെ 21 കാരിയായ കോളേജ് പെൺകുട്ടിയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പരാമർശിച്ചായിരുന്നു പ്രഗ്യാ സിങ് ഇക്കാര്യം ആവശ്യപ്പെട്ടത്. ലൗ ജിഹാദ് സംബന്ധിച്ച് എല്ലാ ദിവസവും 10 മുതൽ 15 വരെ പരാതികൾ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ‘ഇത് ചെയ്യുന്നവർ സംഘടിതരായ ആളുകളാണ്. തടയാൻ കർശനമായ നിയമം ഉണ്ടായിരിക്കണം, അത്തരം ആളുകളെ കഠിനമായി ശിക്ഷിക്കണം.’ പ്രഗ്യ സിങ് പറഞ്ഞു.
നേരത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടറും ലൗ ജിഹാദിനെ നിയമപരമായി നേരിടുമെന്ന് പറഞ്ഞിരുന്നു. വിവാഹം നടക്കാൻ വേണ്ടി മാത്രം മത പരിവർത്തനം നടത്തുനതിനെ അംഗീകരിക്കാൻ സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയായിരുന്നു യുപി മുഖ്യമന്ത്രി യോഗിയുടെ പ്രസ്താവന.
Comments