കെ ഫോൺ വന്നാൽ കുത്തക മുതലാളിമാർ തകരും ; ഇടത് ക്യാപ്സൂളുകളിലെ സത്യമെന്ത് ?

Published by
Janam Web Desk

കെ ഫോണിനെ തകർക്കാൻ അനുവദിക്കില്ല എന്നും കെ ഫോൺ വന്നാൽ ബാക്കിയുള്ള കുത്തക മുതലാളിമാർ തകരുമെന്നൊക്കെയുള്ള ക്യാപ്സൂളുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ കാണുന്നുണ്ട് എന്നാൽ എന്താണ് ഇതിന്റെ വാസ്തവം . എന്താണ് ഈ കെ ഫോൺ? കെ ഫോൺ വന്നാൽ പ്രൈവറ്റ് കമ്പനികൾക്ക് നഷ്ടമുണ്ടോ ? ആദ്യമായിട്ടാണോ ഒരു സംസ്ഥാനം ഇങ്ങനെ ഒരു ചെയ്യുന്നത് ? തുടങ്ങി പല സംശയങ്ങളും ഉയർന്നു വരുന്നുണ്ട് നമുക്ക് ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് നോക്കാം

കെ ഫോണിനെ കുറിച്ച് അറിയുന്നതിന് മുൻപ് ഇന്റർനെറ്റിനെക്കുറിച്ച് പറയാം.
3 തലങ്ങളിലുള്ള നെറ്റ്‌വർക്കിലൂടെയാണ് ഇന്റർനെറ്റ് നമ്മുടെ അടുത്ത് എത്തുന്നത്.

TIER-1 :-
ലോകം മുഴുവൻ ഉള്ള ഒരു കേബിൾ ശൃംഖലയാണ് ഇത്. കടലിലൂടെയുള്ള കേബിളുകളിലൂടെ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ് വർക്കാണ് Tier-1. ഇന്റർനെറ്റിന്റെ ബാക്ക്ബോൺ ആയി പ്രവർത്തിക്കുന്നത് international submarine communications cables എന്നറിയപ്പെടുന്ന ഈ നെറ്റ് വർക്ക് ആണ്. ഈ കേബിളുകൾ ഒരു രാജ്യത്ത് വന്ന് കേറുന്ന സ്ഥലത്തെ കേബിൾ ലാൻഡിംഗ് സ്റ്റേഷൻ എന്ന് പറയുന്നു. ഇന്ത്യയിൽ 17 എണ്ണം ആണ് നിലവിൽ പ്രവർത്തിക്കുന്നത്. Tier-1 ൽ ഉള്ള കേബിളുകൾ എല്ലാം പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ബന്ധിപ്പിക്കുന്നതിന് കമ്പനികൾ പരസ്പരം ചാർജ്ജ് ഈടാക്കാറില്ല. കാരണം ഇവ പരസ്പരം ബന്ധിപ്പിച്ചാൽ മാത്രമേ ഇന്റർനെറ്റ് എന്ന സംവിധാനം സാധ്യമാകൂ. മികച്ച സാങ്കേതിക വിദ്യ ആവശ്യമുള്ള മേഖല അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഇത് എല്ലാം പ്രൈവറ്റ് കമ്പനികൾ ആണ് ചെയ്യുന്നത്. ടാറ്റ, അനിൽ അംബാനിയുടെ ആർകോം (ഇപ്പോൾ gcx), എയർടെൽ, ജിയോ, സിഫി തുടങ്ങിയവരാണ് ഇതിൽ പ്രമുഖർ.
ഈ കേബിളുകളിൽ ഏതെങ്കിലുമൊക്കെ കേടുവന്നാൽ ആ രാജ്യത്തെ മുഴുവൻ ഇന്റർനെറ്റിന്റെയും അത് ബാധിക്കും.

TIER-2 :
പ്രാദേശിക നെറ്റ്‌വർക്കുകളുള്ള കമ്പനികളാണ് ഇവ, സാധാരണയായി ഒന്നോ അതിലധികമോ Tier-1 നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു Tier-1 കമ്പനിയുടെ നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യുന്നതിന് ഈ കമ്പനികൾ Tier-1 കമ്പനികൾക്ക് ഫീസ് നൽകണം. ഇന്ത്യയിലെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ BHARATNET, റെയിൽ ടെൽ, ബിഎസ്എൻഎൽ, എയർടെൽ, വൊഡാഫോൺ, ജിയോ എന്നിവർക്ക് Tier-2 നെറ്റ് വർക്കുകൾ രാജ്യവ്യാപകമായി ഉണ്ട്. ഇതിൽ റിലയൻസ് ജിയോ ആണ് അറിവിൽ ഏറ്റവും വലുതും കാര്യക്ഷമവുമായ ആയ നെറ്റ് വർക്ക്. 1.5 ലക്ഷം കോടി രൂപ മുടക്കി 5G വരെ ഹാൻഡിൽ ചെയ്യാവുന്ന നെറ്റ് വർക്ക് അവർക്ക് ഇപ്പോൾ ഉണ്ട്. Tier-2 നെറ്റ് വർക്കിൽ പ്രാദേശിക ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരെ (Tier-3 ഐ‌എസ്‌പികൾ) കൂടാതെ, ബാങ്കുകൾ പോലെയുള്ള വലിയ എന്റർപ്രൈസസുകൾ, ഗവൺമെന്റുകൾ എന്നിവയുണ്ടാവും.

TIER-3 :
നമ്മൾ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ വാങ്ങുന്ന ഇന്റർനെറ്റ് സേവന ദാതാക്കളാണ് Tier-3 നെറ്റ് വർക്കുകൾ.
ഉപഭോക്താക്കളുമായി ഇന്റർനെറ്റിനെ ബന്ധിപ്പിക്കുന്ന അവസാന ശ്രേണിയാണ് ഇത്. Tier-2 നെറ്റ് വർക്കുകളിൽ നിന്ന് ബാൻഡ് വിഡ്ത്ത് വാങ്ങിയാണ് ഇവർ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് നൽകുന്നത്. കേരളാ വിഷൻ, ഏഷ്യാനെറ്റ്, മറ്റ് കേബിൾ ടിവി ഓപ്പറേറ്റർമാർ തുടങ്ങിയവരാണ് ഈ കാറ്റഗറിയിൽ വരുന്നത്. Tier-2 നെറ്റ് വർക്കുകളിൽ നിന്ന് വാങ്ങുന്ന ബാൻഡ് വിഡ്ത്ത് ഒരു സെർവറിലേക്ക് കൊടുത്ത് ആ സെർവറിൽ നിന്ന് ഫൈബർ കേബിളുകൾ വീടുകളിലേക്ക് വലിച്ചാണ് ഇവർ സർവീസ് നൽകുന്നത്. ഇങ്ങനെ കേബിൾ വലിക്കാൻ നല്ല ചിലവുണ്ട്. അതുകൊണ്ടുതന്നെ എല്ലാ പ്രാദേശിക ഇന്റർനെറ്റ് സേവന ദാതാക്കൾ ഒരൊറ്റ കേബിൾ ഷെയർ ചെയ്താണ് ഇപ്പോൾ സിറ്റികളിൽ ഇന്റർനെറ്റ് നൽകുന്നത്. ഇതിലൂടെ ചെലവ് കുറയ്‌ക്കാൻ കഴിയുന്നു.

ഇപ്പോൾ ഇന്റർനെറ്റിന്റെ പിന്നാമ്പുറത്തെക്കുറിച്ച് മനസിലായി എന്ന് വിചാരിക്കുന്നു. ഇനി എന്താണ് സംസ്ഥാന സർക്കാറിന്റെ കെ ഫോൺ പദ്ധ്യതി എന്ന് നോക്കാം

കെഫോൺ :

ഇത് ഒരു ഇൻഫ്രാസ്ട്രക്ക്ച്ചർ മാത്രമാണ്. അതായത് കേരളം മുഴുവൻ Tier-3 നെറ്റ് വർക്കിനായി ഒപ്റ്റിക്കൽ ഫൈബർ ശ്രിംഖല സ്ഥാപിക്കുന്നു എന്നേയുള്ളു . ഇതിൽ ഗവണ്മെന്റ് ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുന്നത് കൊണ്ട് Tier-2 നെറ്റ് വർക്കിന്റെ സ്വഭാവവും ഇതിനുണ്ട്. ഒരു പ്രൈവറ്റ് കമ്പനിക്ക് കേരളം മുഴുവൻ ഇങ്ങനെ കേബിൾ വലിക്കാൻ വലിയ ചിലവ് വരും അതിന് പകരം ഗവണ്മെന്റ് കേബിൾ വലിക്കുന്നു. എന്നിട്ട് ഈ കേബിളിലൂടെ എല്ലാ ഇന്റെർനെറ്റ് സർവീസ് പ്രൊവൈഡർമാർക്കും (ഏഷ്യാനെറ്റ്, കേരളാ വിഷൻ, റെയിൽ നെറ്റ് ജിയോ എയർടെൽ തുടങ്ങിയവർക്ക്) ഇന്റർനെറ്റ് നൽകാൻ കഴിയും അതിന്റെ വാടക ഗവണ്മെന്റിന് കിട്ടും. ഇതാണ് ചുരുക്കത്തിൽ ഈ പദ്ധ്യതി. റെയിൽ നെറ്റുമായുള്ള കോൺട്രാക്ട് വഴിയാണ് സൗജന്യ ഇന്റർനെറ്റ് നൽകാൻ പദ്ധതി ഇടുന്നത്. ഇന്റർനെറ്റ് കൂടാതെ ഐപി ടിവി, ഫോൺ സൗകര്യങ്ങളും നൽകാൻ കഴിയും.

രാജ്യത്ത് ആദ്യമായല്ല ഇങ്ങനെ ഒരു പദ്ധതി. ആന്ധ്രപ്രദേശ് സർക്കാരിന്റെ Andhra Pradesh State FiberNet Limited എന്ന കമ്പനി ആണ് ഈ മേഖലയിൽ വിജയിച്ച ഒരു കമ്പനി.

പ്രൈവറ്റ് കമ്പനികൾക്ക് നഷ്ടമുണ്ടോ ?

പ്രൈവറ്റ് കമ്പനികൾക്ക് ലാഭമാണ് ഇതിലൂടെ ഉണ്ടാവാൻ പോകുന്നത്. കോടികൾ മുടക്കി കേബിൾ ശൃഖല സ്ഥാപിക്കുകയോ അല്ലെങ്കിൽ ഈ ഇനത്തിൽ കെഎസ്ഇബി പോസ്റ്റുകൾ ഉപയോഗിക്കുന്നതിന് നൽകേണ്ട വാടകയും നൽകേണ്ട ആവശ്യമില്ല. സംസ്ഥാന സർക്കാർ തന്നെ ഈ സംവിധാനം ഒരുക്കുന്നതിനാൽ ഒരു കേരളം മുഴുവൻ പുതിയ ഉപഭോക്താക്കളെ ലഭിക്കും. മറ്റ് മൈൻറ്റനൻസുകളോ കേബിൾ സംവിധാനത്തിൽ ഉണ്ടാവുന്ന തകരാറുകളോ പരിഹരിക്കേണ്ട ബാധ്യത ഈ പ്രൈവറ്റ് കമ്പനികൾക്ക് ഉണ്ടാവില്ല. Tier-2 നെറ്റ് വർക്കിങ് കൊടുക്കേണ്ട വാടകയും സെർവറുകളും റൗട്ടറുകളും സ്ഥാപിക്കുന്നതിന്റെ ചെലവും മാത്രമാണ് പ്രൈവറ്റ് കമ്പനികൾക്ക് ഇതിലൂടെ വരിക. അതുകൊണ്ട് തന്നെ ചിലവ് കുറഞ്ഞ ഇന്റർനെറ്റ് എല്ലാവര്ക്കും ലഭ്യമാകും.

റിലയൻസ് ജിയോ പോലുള്ള കബനികൾക്ക് പണി കിട്ടുമോ ?

ഒരിക്കലുമില്ല. സംസ്ഥാനം മുഴുവൻ ജിയോയ്‌ക്ക് റേഞ്ച് ഉള്ള എല്ലാ സ്ഥലങ്ങളിലും അവർക്ക് കേബിൾ ഉണ്ട്.
അതുകൊണ്ട് അവർക്ക് ഈ ഇൻഫ്രാസ്ട്രക്ക്ച്ചർ പണിയാകില്ല. ജിയോയും കെഫോണിലേക്ക് വരാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ അവരാകും കെഫോണിലെ ഏറ്റവും വലിയ ഐഎസ്‌പി.
ജിയോയ്‌ക്ക് Tier-1 കേബിൾ (കടലിലൂടെ) ഉണ്ടായിരുന്നില്ല. അനിൽ അംബാനിയുടെ നെറ്റ് വർക്കിന് വാടക കൊടുത്താണ് അവർ ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് മുകേഷ് അബാനി തന്നെ കടലിലൂടെ 2 കേബിൾ വലിച്ച് Tier-1 സംവിധാനം കൂടി കൊണ്ടുവന്നത്. ഫൈബർ ഇന്റർനെറ്റ് ജിയോ മൊബൈൽ കണക്ഷനുകൾക്ക് നേരിട്ട് കോംപറ്റീഷൻ ആവില്ല. രണ്ടും രണ്ട് മേഖല തന്നെ ആണ്.

ഉപഭോക്താക്കൾക്ക് ഇത് എങ്ങനെ ഗുണം ചെയ്യും ?

ഒരു കേബിൾ വലിച്ച് അതിലൂടെ ഇഷ്ടമുള്ള ഐഎസ്‌പി തെരഞ്ഞെടുക്കാൻ കഴിയും. ചെലവ് കുറയും. സ്പീഡ് പോരാ എന്ന് തോന്നിയാൽ അടുത്ത കണക്ഷൻ എടുക്കാം. 4k വരെയുള്ള HD റെസല്യൂഷൻ ടിവി, ഫോൺ എന്നിവ ഇതിലൂടെ ലഭിക്കും തുടങ്ങി ജനങ്ങൾക്കും ഇത് ഗുണകരമാണ്.

പണികിട്ടാനുള്ള സാധ്യത എത്രത്തോളമുണ്ട് ?

ഇന്റർനെറ്റ് ഉപയോഗത്തിൽ ലോകത്ത് രണ്ടാമതാണ് ഇന്ത്യ. ഏകദേശം 743,190,000 ആൾക്കാർ ഇവിടെ ഇന്റർനെറ്റ് എടുത്തിരിക്കുന്നു.( ഇത് കോവിഡിന് മുൻപാണ് എന്നോർക്കണം.) ജനസംഘ്യയുടെ പകുതിയോളമാണ് ഇത്

ഇവർക്കെലാം ഇന്റർനെറ്റ് നൽകേണ്ടത് മുകളിൽ പറഞ്ഞ 17 Tier-1 കേബിളിലൂടെയാണ്. കോവിഡിന് മുൻപേ
4 Exabytes (ഒരു Exabytes = 10 ലക്ഷം TB) ആണ് ഒരു മാസം നമ്മുടെ ഏകദേശം ഇന്റർനെറ്റ് ഉപയോഗം

കോവിഡ് വന്നതോടെ ഈ കണക്കുകൾ ഒക്കെ എവിടെയോ എത്തി. ആർക്കും ഒരു പിടിയും ഇല്ല.
കോവിഡ് വന്നതോടെ ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രധാന പ്രശ്നം Tier-3 ഐഎസ്‌പികൾക്ക് Tier-2 നെറ്റ് വർക്കുകൾ ബാൻഡ് വിഡ്ത്ത് നൽകുന്നില്ല എന്നതാണ്. ഇത് അവർക്ക് തന്നെ തികയുന്നില്ല. പിന്നെങ്ങനെ പുറത്ത് കൊടുക്കും. പല സ്വകാര്യ കമ്പനികളും ഈ പ്രശ്നം കൊണ്ട് പുതിയ കണക്ഷൻ നൽകുന്നത് നിർത്തി വച്ചിരുന്നു. ഈ സാഹചര്യത്തിൽ കെഫോണിലൂടെ ഇത്രയധികം കണക്ഷനുകൾ എങ്ങനെ നൽകും എന്നതാണ് പ്രശ്നം. അതിനുമാത്രമുള്ള ബാൻഡ് വിഡ്ത്ത് കേരളത്തിലുള്ള ഐഎസ്‌പികൾക്ക് ഇല്ല. ഉള്ളവരുടെ പേര് കേട്ട് ചിരിക്കരുത് : ജിയോ, എയർടെൽ, വൊഡാഫോൺ, റെയിൽനെറ്റ്. ഇനി സർക്കാർ പറഞ്ഞത് പോലെ ഇങ്ങനെ ലക്ഷക്കണക്കിന് കണക്ഷനുകൾ നൽകിയാലും അതിന്റെ സ്പീഡ് വളരെ ശോകം ആയിരിക്കും.

Share
Leave a Comment