ന്യൂഡൽഹി : ലോകരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇന്ത്യ . പ്രതിരോധ മേഖലയിലടക്കം ഗ്രീസുമായി ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ ഇപ്പോൾ ലക്ഷ്യമിടുന്നത് . കശ്മീർ വിഷയത്തിൽ ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താൻ അവതരിപ്പിച്ച പ്രമേയത്തിൽ ഇന്ത്യയ്‌ക്കെതിരെ വോട്ട് ചെയ്ത ചുരുക്കം ചില രാജ്യങ്ങളിൽ തുർക്കിയും മലേഷ്യയുമുണ്ടായിരുന്നു . അതുകൊണ്ട് തന്നെ ഗ്രീസുമായുള്ള ബന്ധം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാകിസ്താനെ തന്നെയാകും .
ശത്രുവിന്റെ ശത്രു മിത്രം എന്ന പുതിയ നയതന്ത്രമാണ് ഇന്ത്യ ഇക്കാര്യത്തിൽ പിന്തുടരുന്നത് . ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ കഴിഞ്ഞ മാസം അവസാനം ഓൺലൈൻ വഴി നടത്തിയ ചർച്ചയിൽ പ്രാദേശിക, ബഹുരാഷ്‌ട്ര പ്രശ്നങ്ങളും , കിഴക്കൻ മെഡിറ്ററേനിയനിലെ നിലവിലെ അവസ്ഥയും വിഷയമായി .
തുർക്കിയും ഗ്രീസും തമ്മിലുള്ള ഊർജ്ജ പര്യവേക്ഷണ പ്രശ്നങ്ങളും, സമുദ്ര അതിർത്തി സംബന്ധിച്ച തർക്കങ്ങളും ഇരു മന്ത്രിമാരും ചർച്ച ചെയ്തു . തുർക്കിയിൽ ഉയർന്ന നിലവാരമുള്ള റഷ്യൻ എസ് -400 വ്യോമ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള എർദോഗന്റെ പദ്ധതികളാണ് പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നത്.
പാകിസ്താന്റെ രാഷ്‌ട്രീയ, സൈനിക വിഭാഗങ്ങളിൽ നിന്ന് തുർക്കിക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ട് . ഇത് ഗ്രീസിനെ ആശങ്കപ്പെടുത്തുന്നുണ്ട്, അതിനാൽ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ഉയർത്താൻ ഗ്രീസ് സാങ്കേതിക വിദ്യയും വികസിപ്പിക്കുന്നുണ്ട് .കശ്മീർ വിഷയത്തിൽ പാകിസ്താനെ തുർക്കി പിന്തുണച്ചപ്പോൾ , ഇന്ത്യയുടെ പ്രധാന വിദേശ നയ ലക്ഷ്യങ്ങളെ ഗ്രീസ് സ്ഥിരമായി പിന്തുണയ്‌ക്കുന്നുണ്ട് .
ഇന്ത്യയും ഗ്രീസും തമ്മിലുള്ള സൈനിക ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത്തരം സഹകരണം ഭാവിയിൽ തുർക്കി-പാകിസ്താൻ എതിരാളികളെ നേരിടാൻ സഹായകമാകുന്നതിനെ കുറിച്ചും ഗ്രീക്ക് പ്രതിരോധ മന്ത്രി നിക്കോസ് പനാജി തന്നെ വ്യക്തമാക്കിയിരുന്നു . . ഇന്ത്യയും ഗ്രീസും ഭാവിയിൽ സംയുക്ത നാവിക അഭ്യാസങ്ങളടക്കം നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട് . തന്ത്രപരമായ മേഖലയായി കണക്കാക്കപ്പെടുന്ന മെഡിറ്ററേനിയൻ കടൽ പോലും ഇന്തോ ഗ്രീക്ക് അഭ്യാസങ്ങൾക്ക് വേദിയായേക്കും.
















Comments