ന്യൂഡൽഹി: കൊറോണ മഹാമാരിയുടേയും അന്തരീക്ഷ മലിനീകരണത്തിന്റേയും പശ്ചാത്തലത്തിൽ ദീപാവലിക്ക് പടക്കങ്ങൾക്ക് നിരോധനമേർപ്പെടുത്തി സംസ്ഥാനങ്ങൾ. രാജസ്ഥാൻ, ഒഡീഷ, സിക്കിം, ഡൽഹി, ബംഗാൾ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പടക്കങ്ങൾ നിരോധിച്ചിരിക്കുന്നത്.
കൊറോണ രോഗികളുടെ ആരോഗ്യവും വിഷപ്പുക മൂലമുള്ള അന്തരീക്ഷ മലിനീകരണവും കണക്കിലെടുത്താണ് സംസ്ഥാനങ്ങളുടെ തീരുമാനം. നിയമ ലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആണ് ഇത്തരത്തിൽ തീരുമാനമെടുത്ത് ആദ്യം രംഗത്തെത്തിയത്. വിഷപ്പുകയിൽ നിന്നും സമൂഹത്തെ രക്ഷിക്കാനും കൊറോണ രോഗികളുടെ ആരോഗ്യം പരിഗണിച്ചുമുള്ള നിയമം ലംഘിക്കുന്നവർക്ക് 2000 രൂപ പിഴ ഏർപ്പെടുത്തുമെന്ന് ഗെലോട്ട് ട്വീറ്റ് ചെയ്തു. രാജസ്ഥാന് പിന്നാലെ ഒഡീഷ സർക്കാരും നവംബർ 10 മുതൽ 30 വരെ പടക്കത്തിന് നിരോധനമേർപ്പെടുത്തി. ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി എകെ ത്രിപതി വ്യക്തമാക്കി.
കൊറോണ ഉയരുന്ന സാഹചര്യത്തിൽ രോഗികളുടെ ആരോഗ്യം പരിഗണിച്ച് സിക്കിമിലും ഡൽഹിയും ബംഗാളിലും മഹാരാഷ്‌ട്രയിലും സമാനമായ രീതിയിൽ പടക്കത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഹരിയാനയിലും മധ്യപ്രദേശിലും കയറ്റുമതി ചെയ്ത പടക്കത്തിനും നിരോധനമുണ്ട്.
















Comments