വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കൊറോണ ടാസ്‌ക് ഫോഴ്‌സിലേക്ക് ഇന്ത്യൻ വംശജൻ ഡോ. വിവേക് മൂർത്തിയും. ഇന്ത്യൻ അമേരിക്കൻ ഫിസീഷ്യൻ ഡോ. വിവേകിനെ ടാസ്‌ക് ഫോഴ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് അമേരിക്കയിലെ പ്രമുഖ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ചയാണ് ബൈഡൻ ടാസ്‌ക് ഫോഴ്‌സിനെ പ്രഖ്യാപിക്കുക.
2014ൽ ഒബാമയുടെ കാലത്ത് അമേരിക്കയുടെ 19-ാമത് സർജൻ ജനറലായിരുന്നു വിവേക് മൂർത്തി. അന്ന് വിവേകിന് 37 വയസായിരുന്നു. ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു വിവേക്. പിന്നീട് ട്രംപ് അധികാരത്തിൽ വന്നപ്പോൾ വിവേക് പുറത്തായി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബൈഡന്റെ പൊതുജനാരോഗ്യ ഉപദേശകനായിരുന്നു വിവേക് മൂർത്തി.
പ്രമുഖ ശാസ്ത്രജ്ഞരും വിദഗ്ധരും ഉൾപ്പെടുന്നതാവും ടാസ്‌ക് ഫോഴ്‌സ് സംഘം. ഭരണമാറ്റ നടപടികൾ സംബന്ധിച്ച് ഉപദേശം നൽകുന്നവരും സംഘത്തിലുണ്ടാകും. ബൈഡൻ ഭരണകൂടത്തിലെ ആരോഗ്യ സെക്രട്ടറിയായി വിവേക് എത്താനുള്ള സാധ്യതയും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. കർണാടകയിലാണ് വിവേക് മൂർത്തിയുടെ കുടുംബം.
















Comments