ന്യൂഡൽഹി; നാല് ചക്ര വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗുകൾ നിർബന്ധമാക്കി കേന്ദ്രസർക്കാർ. 2021 ജനുവരി 1 മുതൽ പഴയ വാഹനങ്ങൾ ഉൾപ്പെടെ എല്ലാ നാല് ചക്ര വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗുകൾ നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചു. ഫാസ്റ്റ് ടാഗുകളിലൂടെ മാത്രം ടോളുകളിൽ ഫീസ് അടയ്‌ക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
2021 ജനുവരി 1 നകം പഴയവാഹനങ്ങളിൽ ഉൾപ്പെടെ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കണം. സെൻട്രൽ മോട്ടോർ വെഹിക്കിൾസ് ചട്ടം 1989 പ്രകാരം, ഡിസംബർ 4, 2017 മുതൽ പുതിയ നാല് ചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഫാസ്റ്റാഗ് നിർബന്ധമാക്കിയിരുന്നു. ഇത് വാഹന നിർമ്മാതാക്കളോ ഡീലർമാരോ ആണ് വിതരണം ചെയ്യുന്നത്.
ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് ഘടിപ്പിച്ചതിനുശേഷം മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാവൂ എന്നാണ് കേന്ദ്രസർക്കാർ നിർദേശം. ദേശീയ പെർമിറ്റ് വാഹനങ്ങൾക്ക് 2019 ഒക്ടോബർ 1 മുതൽ ഫാസ്റ്റ് ടാഗിനായുള്ള ഫിറ്റ്മെന്റ് നിർബന്ധമാക്കിയിട്ടുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ടോൾ പ്ലാസകളിൽ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ മാത്രമേ ഫീസ് അടയ്‌ക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തും. ടോൾ പ്ലാസകളിലൂടെ വാഹനങ്ങൾ പരിധിയില്ലാതെ കടന്നുപോകുന്നത് നിയന്ത്രിക്കാനുമുള്ള ഒരു നടപടികൂടിയാണ് ഈ നീക്കമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ടോൾ ചാർജുകളിൽ ചെറിയ ഇളവുകൾ നൽകി ഫീസടക്കുന്നതിനുള്ള ഒരു പ്രീപെയ്ഡ് ടാഗാണ് ഫാസ്റ്റാഗ്.വാഹനങ്ങൾ അധികസമയം നിർത്തിയിടാതെ ഫീസ് അടയ്‌ക്കുന്നതിനും ഈ സംവിധാനം വഴി സാധിക്കുന്നു. റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) അടിസ്ഥാനമാക്കിയുള്ള ഫാസ്റ്റാഗ് വാഹനത്തിന്റെ വിൻഡ്‌സ്ക്രീനിൽ ഘടിപ്പിച്ചിട്ടുണ്ടാകും. പ്രീപെയ്ഡ് അല്ലെങ്കിൽ സേവിംഗ്സ് അക്കൗ ണ്ടിൽ നിന്ന് നേരിട്ട് ഫീസ് അടയ്‌ക്കാൻ ഈ സംവിധാനം വഴി സാധിക്കും.
















Comments