ന്യൂഡൽഹി: നയതന്ത്ര സൈനിക തല ചർച്ച നടക്കുമ്പോഴും അതിർത്തിയിൽ ചൈന പ്രകോപനം തുടരുകയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അരുണാചൽ അതിർത്തിയോട് ചേർന്ന് ബ്രഹ്മപുത്ര നദിയിൽ ചൈന ഡാം നിർമ്മിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി പ്രദേശത്ത് ചൈന റോഡ്, റെയിൽ പാതകൾ നിർമ്മിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ബ്രഹ്മപുത്ര ചൈനയുടെ പ്രധാന ജലസ്രോതസുകളിൽ ഒന്നാണ്. ചൈനയിലെ വരണ്ട പ്രദേശങ്ങളിലേക്കുളള ജലവിതരണ മാർഗ്ഗവും ബ്രഹ്മപുത്രയാണ്. ചൈനയുടെ കൈവശമുള്ള ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് അരുണാചൽ പ്രദേശ് വഴിയാണ് ബ്രഹ്മപുത്ര ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്.
ചൈനീസ് സർക്കാർ ഇതിനകം തന്നെ ഈ നദിയിൽ ചെറുതും വലുതുമായ 11 ഓളം ഡാമുകൾ നിർമ്മിച്ചിട്ടുണ്ട്. നദിയുടെ ഗതി എപ്പോഴും സാധാരണമാണെങ്കിലും മഴക്കാലത്ത് ബ്രഹ്മപുത്രയെ ഉപയോഗിച്ച് ചൈന ഇന്ത്യയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. മഴക്കാലത്ത് ചൈന ഡാം തുറന്നുവിടുന്നതിന്റെ ഫലമായാണ് അസമിലും ബംഗ്ലാദേശിലും എല്ലാ വർഷവും വെള്ളപ്പൊക്കം ഉണ്ടാകുന്നത്.
ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കെയാണ് വീണ്ടും ബ്രഹ്മപുത്രയിൽ ഡാം നിർമ്മിക്കാൻ ചൈന പദ്ധതിയിടുന്നത്. പദ്ധതിയ്‌ക്കായുള്ള ബജറ്റ് പ്രഖ്യാപനമൊന്നും ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എങ്കിലും ഇത് ഇന്ത്യാ ചൈന ബന്ധത്തെ ബാധിക്കുമെന്നാണ് നയതന്ത്ര വിദഗ്‌ദ്ധർ കണക്കുകൂട്ടുന്നത്.
അരുണാചൽ പ്രദേശിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ആറ് പ്രദേശങ്ങളിൽ ചൈന നേരത്തെ തന്നെ സൈനികവിന്യാസം ശക്തമാക്കിയിരുന്നു. അപ്പർ സുബൻസിരിയിലെ അസാപില, ലോങ്ജു, ബിസ, മാജാ, തുടങ്ങിയ പ്രദേശങ്ങളിലാണ് ചൈന സൈനിക വിന്യാസം കൂട്ടിയത്. ബിസയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപം ചൈന റോഡ് നിർമ്മാണം നടത്തുകയും ചെയ്തിട്ടുണ്ട്.ഇത് ഡാം നിർമ്മാണത്തിന് മുന്നോടിയായുള്ള ചൈനയുടെ നീക്കമാണെന്നാണ് വിലയിരുത്തൽ
ഈ പ്രദേശങ്ങളിലെല്ലാം സൈന്യം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ചൈനയുടെ ഭാഗത്ത് നിന്നും എന്ത് പ്രകോപനം ഉണ്ടായാലും പ്രതിരോധിക്കാനായി സൈന്യം ശക്തമായ മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ സൈന്യം പ്രദേശത്ത് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
















Comments