ന്യൂഡല്‍ഹി: ജനങ്ങളുടെ വിശ്വാസമാണ് ബിജെപിയുടെ ഏറ്റവും വലിയ മൂലധനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാന സേവകനെന്ന നിലയില്‍ തന്റെയും മൂലധനം ഈ വിശ്വാസം തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലും യുപിയും മദ്ധ്യപ്രദേശും അടക്കമുളള സംസ്ഥാനങ്ങളിലും ബിജെപി നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. നേരത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബൂത്ത് പിടുത്തത്തിന്റെയും റീ പോളിംഗിന്റെയും വാര്‍ത്തകളായിരുന്നു കേട്ടിരുന്നത്. എന്നാല്‍ ഇന്ന് വോട്ട് ശതമാനത്തിലെ വര്‍ദ്ധനയും വനിതാ വോട്ടര്‍മാരുടെ എണ്ണക്കൂടുതലുമാണ് വാര്‍ത്തകളില്‍ നിറയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയിലെയും സാമ്പത്തിക മേഖലയിലെയും പരിഷ്‌കാരങ്ങളിലും സുരക്ഷയിലും വിദ്യാഭ്യാസത്തിലും ഉള്‍പ്പെടെ രാജ്യം ഏറ്റവും അധികം വിശ്വാസം പ്രകടിപ്പിക്കുന്നത് ബിജെപിയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൂഷണം ചെയ്യപ്പെട്ടവരുടെയും ദളിതരുടെയും ഇരകളുടെയും ശബ്ദമായി മാറുന്നതും ബിജെപിയാണ്. രാജ്യത്തെ യുവാക്കള്‍ ഏറ്റവും അധികം വിശ്വാസം പ്രകടിപ്പിക്കുന്നതും ബിജെപിയിലാണെന്ന് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ബിജെപിക്ക് വോട്ട് ചെയ്തതുകൊണ്ട് മാത്രമല്ല, ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ ആവേശത്തോടെ പങ്കെടുത്തതിനും ജനങ്ങളോട് നന്ദി പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും അഭിനന്ദിക്കുന്നു. അവരുടെ അര്‍പ്പണബോധത്തോടെയുളള പ്രവര്‍ത്തനങ്ങളും സംഭാവനകളുമാണ് ബിജെപിക്ക് വിജയം സമ്മാനിച്ചത്. ഈ വലിയ വിജയത്തിന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഉത്തരവാദിത്വങ്ങളെക്കുറിച്ച് പൂര്‍ണമായി ബോധ്യമുളളതും ആത്മവിശ്വാസമുളളതുമായ ഇന്ത്യയെയാണ് താന്‍ ഭാവനയില്‍ കാണുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊറോണ മഹാമാരിയുടെ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് അത്ര എളുപ്പമുളള ജോലിയായിരുന്നില്ല. പക്ഷെ നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ ശക്തവും സുതാര്യവുമായതാണ് തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ വഴിയൊരുക്കിയത്. ഈ പ്രതിസന്ധിക്കിടയിലും ഇന്ത്യയ്‌ക്ക് ഇത്ര വലിയ ഒരു തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന സന്ദേശമാണ് ഇതിലൂടെ ലോകത്തിന് നല്‍കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നൂറുകണക്കിന് പ്രവര്‍ത്തകരാണ് ബിജെപി ആസ്ഥാനത്ത് തടിച്ചുകൂടിയത്. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായ അമിത് ഷാ, രാജ്‌നാഥ് സിംഗ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. കൂറ്റന്‍ ഹാരമണിയിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
















Comments