ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും ആദ്യമായി ബ്രഹ്മോസ് മിസൈലുകൾ സ്വന്തമാക്കുന്ന രാജ്യമാകാൻ ഫിലിപ്പൈൻസ് . അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടും തമ്മിൽ നടക്കുന്ന ചർച്ചയിൽ ഇതുസംബന്ധിച്ച കരാർ ഒപ്പ് വയ്‌ക്കും. ഇന്ത്യയും റഷ്യയും സംയുക്തമായിട്ടാണ് ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത് . ഇതാണ് ഫിലിപ്പൈൻസിന് നൽകുക. ഇതോടെ ഇന്ത്യൻ ആയുധങ്ങൾ വാങ്ങുന്ന ആദ്യ സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യമായി ഫിലപ്പൈൻസ് മാറും.
മോദിയും ഡുട്ടെർട്ടും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയുടെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയിൽ യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും ഫിലിപ്പൈൻസിലെ ഐസിടിയും തമ്മിൽ മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ടുള്ള കരാറും വിമാന റൂട്ടുകളെ സംബന്ധിച്ചുളള കരാറുകളും ഇതിനൊപ്പം ഒപ്പുവയ്‌ക്കുമെന്ന് കരുതുന്നു.
ഇന്ത്യയും ഫിലിപ്പൈൻസും തമ്മിൽ പ്രതിരോധ സഹകരണ, സംഭരണ കരാറിൽ ഒപ്പ് വയ്‌ക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിലാണ് ബ്രഹ്‌മോസ് മിസൈലുകൾ കൈമാറാൻ തീരുമാനിച്ചത്. എന്നാൽ കൊറോണ മഹാമാരിയെ തുടർന്ന് തീരുമാനം നീണ്ടുപോയി . രണ്ട് മാസം മുൻപ് ഉഭയകക്ഷി സഹകരണം സംബന്ധിച്ച സംയുക്ത കമ്മീഷന്റെ വെർച്വൽ മീറ്റിംഗിൽ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും തിയോഡോറോ ലോക്സിൻ ജൂനിയറും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.
തങ്ങളുടെ പ്രതിരോധ രംഗം കൂടുതൽ ശക്തമാക്കാനും , രാജ്യ സുരക്ഷ ഉറപ്പിക്കാനും ബ്രഹ്മോസ് കൂടിയേ തീരൂവെന്നാണ് ഫിലിപ്പൈൻസ് സേനയുടെ ഔദ്യോഗിക വക്താവ് രമോൺ സഗാല മാദ്ധ്യമങ്ങളോട് പറഞ്ഞത് . ഫിലിപ്പൈൻ ആർമി അതിന്റെ പീരങ്കി റെജിമെന്റിന്റെ പരിധിയിൽ വരുന്ന ആദ്യ ലാൻഡ് അധിഷ്ഠിത മിസൈൽ ബാറ്ററി സജീവമാക്കുന്നതിന് ബ്രഹ്മോസിന്റെ വാങ്ങൽ സഹായിക്കുമെന്നാണ് അനുമാനിക്കുന്നത് .
ഫിലിപ്പൈൻസുമായി മാത്രമല്ല തായ്‌ലാന്റ്, ഇന്തോനേഷ്യ,വിയറ്റ്നാം എന്നിങ്ങനെ വിവിധ രാജ്യങ്ങളുമായി ഇന്ത്യ പ്രതിരോധ കരാറിൽ ചർച്ചകൾ നടത്തി വരികയാണ്.
















Comments