ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വയം പര്യാപ്തതയ്‌ക്കായി ആത്മീയാചാര്യന്മാര്‍ രംഗത്തിറ ങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മനിര്‍ഭര്‍ ഭാരതമെന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. രാജ്യത്തെ എല്ലാ മേഖലയിലേയും പ്രാദേശികമായ കരുത്താണ് ആത്മനിര്‍ഭര്‍ ഭാരതിലൂടെ ഉണരേണ്ടത്. അതിനായി വോക്കല്‍ ഫോര്‍ ലോക്കലെന്ന ശൈലി എല്ലാവരുടേയും നിത്യജീവിതത്തിന്റെ ഭാഗമാകണം. ജനങ്ങളില്‍ സ്വാധീനമുള്ള ആത്മീയാചാര്യന്മാര്‍ക്ക് അത്് സാധിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ജൈന ആചാര്യനായിരുന്ന വിജയ് വല്ലഭ് സുരീശ്വര്‍ജീ മഹാരാജിന്റെ 151-ാം ജന്മവാര്‍ഷിക സന്ദേശം നല്‍കുകയായിരുന്നു പ്രധാനമന്ത്രി.
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ എല്ലാ ആത്മീയാചാര്യന്മാരുടേയും മന്ത്രം ആത്മനിര്‍ഭര്‍ ഭാരതമെന്നതായിരുന്നു. അന്നത്തെ ആ കൂട്ടായ്മ ഭാരതത്തിന് വലിയ ശക്തി പ്രദാനം ചെയ്തത് നാം മറക്കരുതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. രണ്ടു വല്ലഭ് മാരെ ഈ അവസരത്തില്‍ ഓര്‍ക്കുകയാണെന്നും പ്രധാനമന്ത്രി തന്റെ സന്ദേശത്തില്‍ പറഞ്ഞു.
രാജ്യത്തിനെ അഖണ്ഡമാക്കി നിലനിര്‍ത്തിയ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ പ്രതിമ രാജ്യത്തിനഭിമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണ്. അതുപോലെ ജൈന മാര്‍ഗ്ഗത്തിലെ വല്ലഭ് സുരീശ്വരന്റെ ശാന്തിയുടെ സന്ദേശം നല്‍കുന്ന പ്രതിമയും സ്ഥാപിക്കാനുള്ള അവസരം ലഭിച്ചതിലും നരേന്ദ്രമോദി നന്ദി അറിയിച്ചു. രാജസ്ഥാനിലെ പാലിയിലാണ് ജൈനാചാര്യന്റെ 151 ഇഞ്ച് ഉയരത്തിലുള്ള അഷ്ടധാതുക്കളാല്‍ നിര്‍മ്മിച്ച പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വിജയ് വല്ലഭ് സാധാനാ കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
















Comments