ന്യൂഡല്‍ഹി: ശൈത്യകാലത്തെ പ്രതിരോധിക്കാന്‍ ഡല്‍ഹിയില്‍ സാമൂഹ്യക്ഷേമവകുപ്പിന്റെ തയ്യാറെടുപ്പ്. ഗാസിയാബാദ് ജില്ലയിലാണ് അശരണരായിട്ടുള്ളവരുടെ രാത്രികാല ആവാസകേന്ദ്രങ്ങള്‍ തുറന്നത്. തെരുവില്‍ കിടന്നുറങ്ങുന്നവരെ ശൈത്യകാലം തീരും വരെ സംരക്ഷിക്കാനാണ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ജില്ലയില്‍ മാത്രം ആകെ 30 കേന്ദ്രങ്ങളാണുള്ളത്. നിലത്ത് കട്ടിയുള്ള കമ്പളികളും പുതപ്പുകളും ഒരുക്കിയിട്ടുണ്ട്. തണുപ്പ് ഒട്ടും കയറാത്ത വിധമുള്ള ഹാളുകളാണ് രാത്രികാല വിശ്രമകേന്ദ്രമായി മാറ്റിയിരിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശങ്കര്‍ അറിയിച്ചു.
ഡല്‍ഹി നഗരത്തിലേക്ക് ജോലിക്കോ ചികിത്സയ്‌ക്കോ ആയി എത്തുന്നവര്‍ക്ക് അടിയന്തിരസാഹചര്യത്തിലുപയോഗിക്കാനാണ് പ്രധാനമായും ആശ്രയകേന്ദ്രങ്ങള്‍ തയ്യാറാക്കാറുള്ളത്. സമൂഹത്തിലെ ദരിദ്രരും ഒറ്റപ്പെട്ടവരേയും സംരക്ഷിക്കുക എന്നത് കടമയാണെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. താമസിക്കുന്നവര്‍ക്ക് ശൗചാലയ സംവിധാനം, കുടിവെള്ളം, ഭക്ഷണ സംവിധാനം എന്നിവയും അതാത് കേന്ദ്രത്തില്‍ ലഭ്യമാണെന്നും അജയ് ശങ്കര്‍ പറഞ്ഞു. കേന്ദ്രങ്ങളുടെ നടത്തിപ്പ് ഉറപ്പുവരുത്താന്‍ മിന്നല്‍പരിശോധനകളും നടത്തുമെന്നും അജയ് ശങ്കര്‍ വ്യക്തമാക്കി.
















Comments