വാഷിംഗ്ടണ്‍: ജോ ബൈഡന്‍ അമേരിക്കയുടെ അടുത്ത നാലു വര്‍ഷത്തേക്കുള്ള ദേശീയ സുരക്ഷാ ഉദ്യോഗസ്ഥ സംഘത്തെ പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റായി ജനുവരിയില്‍ സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായാണ് നിര്‍ണ്ണായക വകുപ്പിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന പേരായ ആന്റണി ബ്ലിങ്കന്‍ തന്നെയാണ് മൈക്ക് പോംപിയോയുടെ പകരക്കാരനായി സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനാകാന്‍ പോകുന്നത്. ഇദ്ദേഹത്തിനൊപ്പം മറ്റ് അഞ്ച് സുപ്രധാന ചുമതലക്കാരേയും ബൈഡൻ പ്രഖ്യാപിച്ചു.
ഞങ്ങള്‍ക്ക് ഇനി ഒട്ടും സമയം കളയാനില്ല. അമേരിക്കയുടെ പ്രതിരോധ, ആഭ്യന്തര സുരക്ഷയിലും വിദേശകാര്യത്തിലും ഒരു തരത്തിലുള്ള അലംഭാവവും കാണിക്കാനാകില്ല. ഉദ്യോഗസ്ഥരെല്ലാം നല്ല ഭരണ സാമര്‍ത്ഥ്യവും ലോകപരിചയവും ഉള്ളവരാണെന്നത് ഭരണകൂടത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുമെന്നും ബൈഡന്‍-കമലാഹാരീസ് സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജേക്ക് സുള്ളിവനാണ് നിയമിക്കപ്പെടുക. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായി വനിതയായ അവ്‌റില്‍ ഹെയിന്‍സിന്റെ പേരാണുള്ളത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രഹസ്യാന്വേഷണ വിഭാഗം മേധാവിയാകുന്നത്.
ആന്റണി ബ്ലിങ്കനൊപ്പം ആഭ്യന്തര സെക്രട്ടറിയായി അലേജാന്‍ഡ്രോ മയോര്‍ക്കാസിനേയും തീരുമാനിച്ചു. അമേരിക്ക സുപ്രധാന വകുപ്പായി കരുതുന്ന കാലാവസ്ഥാ വിഭാഗത്തിന്റെ ചുമതലയില്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോണ്‍ കെറിയുടെ പേരാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഐക്യരാഷ്‌ട്ര സഭയില്‍ ഇനി അമേരിക്കയെ ലിന്‍ഡാ തോമസ് ഗ്രീന്‍ഫീല്‍ഡ് നയിക്കുമെന്നാണ് തീരുമാനം.
















Comments