മുംബൈ : ‘ അവനെ കൊല്ലരുത്. അവൻ ഒരു തെളിവാണ് ‘ ഡിബി മാർഗ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സഞ്ജയ് ഗോവിൽകറിന്റെ വാക്കുകൾ സഹപ്രവർത്തകർ ചെവികൊണ്ടില്ലായിരുന്നെങ്കിൽ മുംബൈ ഭീകരാക്രമണം ഇന്നും ലോകത്തിനു മുന്നിൽ ഹിന്ദുക്കൾ നടത്തിയ കൊടും പാതകമായി മാറുമായിരുന്നു .
മുൻ മുംബൈ പോലീസ് കമ്മീഷണർ രാകേഷ് മരിയയുടെ ‘ലെറ്റ് മി സേ ഇറ്റ് നൗ ‘ എന്ന പുസ്തകത്തിലാണ് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബിനെ ജീവനോടെ പിടികൂടിയ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത് .
ഹിന്ദു തിരിച്ചറിയൽ കാർഡുകളും ,ചുവന്ന ചരടുകളും ധരിച്ചാണ് കസബ് ഉൾപ്പെടെയുള്ള ഭീകരർ ആക്രമണം നടത്തിയത് . എന്നാൽ ഇതിനു പിന്നിൽ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയും തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-ത്വയിബയും ആണെന്ന് കണ്ടെത്തിയിരുന്നു . മുസ്ലീങ്ങൾക്കെതിരായി ഹിന്ദുക്കൾ നടത്തിയ ആക്രമണമാണിതെന്ന് കാട്ടാനാണ് ഭീകരർ ശ്രമിച്ചത് .
മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് പ്രതികാരം ചെയ്യുന്ന ഹിന്ദുക്കൾ അസംതൃപ്തരാണെന്ന് തോന്നിപ്പിക്കാൻ ലഷ്കറും ഐഎസ്‌ഐയും പദ്ധതിയിട്ടിരുന്നതായി മരിയയുടെ പുസ്തകത്തിൽ പറയുന്നു. അതുകൊണ്ട് തന്നെ കസബിനെ ജീവനോടെ പിടികൂടാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ ലോകത്തിനു മുന്നിൽ അത് ഹിന്ദു ഭീകരാക്രമണമായി മാറുമായിരുന്നു .
കസബിനെ പിടിക്കാനുള്ള ശ്രമത്തിനിടെ പോലീസ് കോൺസ്റ്റബിളായ തുക്കാറാം ഓംബ്ലെ 40 വെടിയുണ്ടകൾ ശരീരത്തിൽ തറച്ചാണ് മരണപ്പെട്ടത് . കസബിനെ ജീവനോടെ പിടികൂടുന്നതിൽ ഓംബ്ലിന്റെ ത്യാഗവും സമാനതകളില്ലാത്ത വീര്യവും വിസ്മരിക്കാനാവില്ലെന്നും മരിയ പുസ്തകത്തിൽ പറയുന്നു . ഓംബ്ലെക്ക് മാരകമായി പരിക്കേറ്റതിനെ തുടർന്ന് പോലീസുകാർ കസബിനു നേരെ വെടിയുതിർക്കാൻ തുനിഞ്ഞെങ്കിലും ഡിബി മാർഗ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സഞ്ജയ് ഗോവിൽകറാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് സമയോചിതമായ ഉപദേശം നൽകി കസബിനെ കൊല്ലുന്നതിൽ നിന്ന് തടഞ്ഞത് .
“അവനെ കൊല്ലരുത്. അവൻ ഒരു തെളിവാണ്, ” ഇതായിരുന്നു ഗോവിൽകർ സഹപ്രവർത്തകരോട് പറഞ്ഞത് . ആക്രമണത്തിൽ ഗോവിൽകറിനും പരിക്കേറ്റെങ്കിലും അദ്ദേഹം നൽകിയ പെട്ടെന്നുള്ള നിർദ്ദേശം ഇല്ലായിരുന്നെങ്കിൽ, 26/11 ലെ ആക്രമണം എന്നത് ഒരു രഹസ്യമായി തുടരുമായിരുന്നു, ഇന്നും.
















Comments