സിഡ്‌നി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ നാളെ ഇറങ്ങുന്നു. ഏകദിന പരമ്പര കൈവിട്ട ഇന്ത്യയ്‌ക്ക് നാളത്തെ വിജയം പകരം വീട്ടലാകും. ഇതിനിടെ ആദ്യ ടി20യില്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച രവീന്ദ്ര ജഡേജ നാളെ കളിക്കാനിറങ്ങില്ല. അതേ സമയം മലയാളി താരം സഞ്ജു സാംസണ്‍ കളിക്കാനാണ് സാദ്ധ്യത. ആദ്യമത്സരത്തില്‍ രണ്ടക്കം കടന്ന നാല് പേരില്‍ ഒരാള്‍ സഞ്ജുവാണ്. ബൗളിംഗില്‍ നടരാജനും ചഹലുമാണ് ഇന്ത്യയ്‌ക്ക് കരുത്തായത്. ഇരുവരും പരമ്പരയില്‍ നിര്‍ണ്ണായകമായിക്കഴിഞ്ഞു.
ഓസീസിനെ സംബന്ധിച്ച് പരിക്ക് തിരിച്ചടിയാവുകയാണ്. നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ പരിക്ക് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ടി20യില്‍ ഇന്ത്യയ്‌ക്ക് ഓസീസിന്റെ പലതാരങ്ങളുടേയും കുറവുകളറിയാം എന്നതാണ് പ്രധാനവെല്ലുവിളി. സ്മിത്തും ഗ്ലെന്‍ മാക്‌സ്വെല്ലും വെഡേയും പുറത്തായതിന് പിന്നില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യമായ കണക്കുകൂട്ടലുണ്ട്. ബൗളിംഗില്‍ സ്റ്റാര്‍ക്കും സ്വാപ്‌സണും ഇന്ത്യന്‍ നിരയ്‌ക്ക് വെല്ലുവിളിയാണ്.
Comments