ലോക്ഡൗൺ സമയത്ത് കുടുങ്ങിപ്പോയവരെ വീട്ടിലെത്തിച്ചും, പാവങ്ങൾക്ക് അവശ്യ വസ്തുക്കൾ നൽകിയുമെല്ലാം ബോളിവുഡ് താരം സോനു വാർത്തകളിൽ ഇടം നേടിയിരുന്നു. സിനിമയിൽ വില്ലനാണെങ്കിലും ജീവിതത്തിൽ സോനു സൂപ്പർ ഹീറോയായാണ് അറിപ്പെടുന്നത്. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട ഒറു വാർത്തയാണ് പുറത്തുവരുന്നത്.
പാവങ്ങളെ സഹായിക്കാനുള്ള പണം കണ്ടെത്താനായി താരം തന്റെ മുബൈയിലെ എട്ടോളം കെട്ടിടങ്ങൾ പണയം വച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജൂഹുവിലെ രണ്ട് കടകളും ആറ് ഫ്‌ലാറ്റുകളുമാണ് ബാങ്കിൽ പണയത്തിലുള്ളത്. അതേസമയം സോനുവിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം വന്നിട്ടില്ല.
ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സോനു സജീവമായി രംഗത്തിറങ്ങിയിരുന്നു. 10 ബസുകൾ കർണാടകയിലേക്കും, ബിഹാർ, ഉത്തർപ്രദേശ്, ഓഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്കും താരം സർക്കാരുമായി സഹകരിച്ച് ഏർപ്പെടുത്തി. ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ എത്തിച്ചും, പിപിഇ കിറ്റുകൾ വിതരണം ചെയ്തുമൊക്കെ താരം സാധാരണക്കാർക്കിടയിൽ ഹീറോയായി മാറിയിരുന്നു.
ഓരോ ദിവസവും സോനുവിന്റെ സഹായം ആവശ്യപ്പെട്ട് നൂറുകണക്കിന് കത്തുകളാണ് ലഭിക്കുന്നത്. കത്തുകളുടെ ഒരു ചിത്രം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ദുരിതത്തിലായ സഹോദരങ്ങളെ സഹായിക്കുന്നത് തന്റെ കടമയാണെന്നും അവസാന ശ്വാസംവരെ അത് തുടരുമെന്നും സോനു സൂദ് വ്യക്തമാക്കിയിരുന്നു.
Comments