ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ ധീരതയേയും പോരാട്ട വീര്യത്തേയും വീണ്ടും സ്മരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ സൈനികരുടെ അപാരമായ ധീരതയും സമാനതകളില്ലാത്ത പോരാട്ടവീര്യവുമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയ്‌ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചത്. നമ്മുടെ 20 ജവാന്മാര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടിവന്ന പോരാട്ടത്തില്‍ ചൈന ഇതുവരെ അവര്‍ക്കുണ്ടായ മരണം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അന്താരാഷ്‌ട്ര ഏജന്‍സികള്‍ ചൈനയുടെ സൈനികരിൽ മരണപ്പെട്ടവർ 35ല്‍ കുറയില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയതെന്നും രാജ്‌നാഥ് സിംഗ് ഓര്‍മ്മിപ്പിച്ചു. ഫിക്കിയുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സൈന്യത്തിന്റെ ധീരത വരും തലമുറ അഭിമാനത്തോടെ സ്മരിക്കുമെന്നും രാജ്‌നാഥ് സിംഗ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. ലഡാക്കില്‍ നാം ഇതുവരെയില്ലാത്ത വിധമുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതിര്‍ത്തി സുരക്ഷാ കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയുമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ആധുനിക ലോകത്തെ വെല്ലുവിളികളുടെ സ്വഭാവം അടിക്കടിമാറുമെന്ന അനുഭവപാഠമാണ് ലഡാക് നല്‍കുന്ന സന്ദേശം.ഇന്നത് ഹിമാലയന്‍ മലനിരകള്‍ക്കപ്പുറം ഏഷ്യാ പെസഫിക് മേഖലയിലേക്കും വ്യാപിച്ചിരിക്കുന്നു.
പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ തയ്യാറാടെപ്പ് ശക്തമാണ്. നമ്മളാണ് ഇരകള്‍. ആദ്യം നമ്മളെ അനുകൂലിക്കാതിരുന്നവര്‍ ഇപ്പോള്‍ സത്യം നമ്മുടെ ഭാഗത്താണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. കാര്‍ഷിക രംഗത്തെ സമരത്തേയും ഹൈജാക് ചെയ്യാന്‍ ഭീകരര്‍ ശ്രമിക്കുകയാണ്. എന്നാല്‍ കര്‍ഷകരുടെ ക്ഷേമം മാത്രം കണക്കാക്കിയുള്ള കാര്‍ഷിക ബില്ലില്‍ നിന്നും പുറകോട്ടില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
Comments