ജമ്മുകശ്മീർ : ജമ്മു കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തുവന്നു തുടങ്ങി. ആദ്യ ട്രെൻഡുകളിൽ ബിജെപിയും ഗുപ്കർ സഖ്യവും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.
നിലവിലെ ഫല സൂചനകളിൽ ബിജെപിയും ഗുപ്കർ സഖ്യവും 43 സീറ്റുകളിൽ വീതം മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസ് 15 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട് . ജെ കെ എ പി 5 സീറ്റിലും മറ്റുള്ളവർ 27 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു.
ജമ്മുവിലെ ഫല സൂചനകളിൽ ബിജെപിയാണ് മുന്നിൽ .16 സീറ്റുകളിൽ 8 ഇടത്ത് ബിജെപി മുന്നേറുന്നു. നാഷണൽ കോൺഫറൻസും സ്വതന്ത്രരും മൂന്ന് സീറ്റുകളിൽ വീതം മുന്നേറുമ്പോൾ അവിടെയും കോൺഗ്രസ് 2 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.
കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയ സാഹചര്യത്തിൽ രൂപീകരിച്ച പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പിഎജിഡി) ബാനറിൽ നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ഉൾപ്പെടെ ഏഴ് രാഷ്‌ട്രീയ പാർട്ടികൾ സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജമ്മു കശ്മീരിലെ 280 ജില്ലാ വികസന സമിതി സീറ്റുകളിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടന്നത്.2,181 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഉണ്ടായിരുന്നത്. 51.42 ശതമാനമായിരുന്നു പോളിംഗ്. ബിജെപിയും ഗുപ്കർ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം നടന്നത്.
വോട്ടെണ്ണൽ സുഗമമായി നടത്താൻ പല സ്ഥലങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലെയും വോട്ടെണ്ണൽ പ്രക്രിയയ്‌ക്ക് റിട്ടേണിംഗ് ഓഫീസറും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും മേൽനോട്ടം വഹിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
















Comments