ലണ്ടൻ: ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഉശിരൻ ജയം. പരാജയം തുടർക്കഥയാക്കുന്ന ആഴ്‌സണലിനെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ 4-1നാണ് തോൽപ്പിച്ചത്. സിറ്റി മൂന്നാം മിനിറ്റിൽത്തന്നെ ഗോൾ നേടി. ഗാബ്രിയേൽ ജീസസാണ് ആദ്യ ഗോൾ നേടിയത്. 31-ാം മിനിറ്റിൽ അലക്‌സാന്ദ്രേ ലാകാസേറ്റേ ആഴ്‌സണലിനായി ആശ്വാസ ഗോൾ നേടി സമനില പിടിച്ചെങ്കിലും സിറ്റി മൂന്ന് ഗോളുകൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ റിയാദ് മഹ്‌റെസ് സിറ്റിക്ക് 2-1ന്റെ മേൽകൈ നൽകി. ഫിൽ ഫോഡൻ 59-ാം മിനിറ്റിൽ മൂന്നാം ഗോളും അയ്‌മെറിക് ലാപോർട്ടേ 73-ാം മിനിറ്റിൽ നാലാം ഗോളും സിറ്റിക്ക് സമ്മാനിച്ചു.
കളിയുടെ ഭൂരിഭാഗം സമയത്തും പന്ത് കൈവശം വെച്ച സിറ്റി ആഴ്‌സണലിന്റെ പ്രതിരോധ പിഴവുകളെ നന്നായി മുതലെടുത്തു.13 ഷോട്ടുകളുതിർത്താണ് സിറ്റി ആഴ്‌സണലിന്റെ ഗോൾ മുഖത്തേക്ക് ഇരച്ചുകയറിയത്. ലീഗിൽ കഴിഞ്ഞ ദിവസം എവർട്ടണിനോട് തോറ്റ ആഴ്‌സണൽ അതിന് മുന്നേ സതാംപട്ണിനോട് സമനിലക്കുരുക്കിലും പെട്ട്് 15-ാം സ്ഥാനത്ത് നിന്നും ഉയരാനാകാതെ വിഷമത്തിലാണ്. സിറ്റി നിലവിൽ ലീഗിൽ എട്ടാംസ്ഥാനത്താണ്.
Comments