ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനയത്തിൽ സമഗ്രമായ പരിവർത്തനം വരുത്തിയ നേതാവാണ് അടൽ ബിഹാരി വാജ്‌പേയിയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യയുടെ നയത്തിൽ പാരമ്പര്യത്തെ മുറുകെപ്പിടിക്കുകയും ആഗോള തലത്തിലെ രാജ്യങ്ങളുടെ സ്വഭാവത്തെ നിരീക്ഷിച്ചും അദ്ദേഹം ഭരണസാമർത്ഥ്യം തെളിയിച്ചു. ഇന്ത്യയെ ലോകശ്രദ്ധയിലെത്തിച്ചത് കാലോചിത മാറ്റങ്ങൾ കൊണ്ടുവന്നായിരുന്നു. വിദേശകാര്യ നയത്തിൽ മുൻ വിദേശകാര്യ മന്ത്രിയും പ്രധാനമന്ത്രിയുമായിരുന്ന വാജ്‌പേയിയുടെ പങ്ക് അതുല്യമാണെന്നും ജയശങ്കർ പറഞ്ഞു.
നയങ്ങളിൽ പ്രകടമായ വ്യത്യാസങ്ങളാണ് അടൽജി കൊണ്ടുവന്നത്. അതി ധീരമായ തീരുമാനങ്ങളെടുത്ത് പലതും തിരുത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷയ്‌ക്ക് എന്നും പ്രധാന്യം നൽകിയുള്ള നയങ്ങളാണ് വാജ്‌പേയി വിദേശകാര്യ നയത്തിലെടുത്തിരുന്നതെന്നും ജയശങ്കർ ഓർമ്മിപ്പിച്ചു.
ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റി അടൽജിയുടെ കാഴചപ്പാട് ഏറെ ദീർഘവീക്ഷണ ത്തോടെയുള്ളതായിരുന്നു. അതിന്റെ ഫലം നരേന്ദ്രമോദിയുടെ നയത്തിന് ഏറെ ബലം നൽകുന്ന കാഴ്ചയും ഈ കാലത്ത് നമുക്ക് കാണാനാകും. ചരിത്രത്തെ ഓർത്ത് വിഷമിച്ചിരുന്നതിൽ നിന്നും മാറി ലോകത്തെ എല്ലാ സമകാലിക വിഷയങ്ങളിലും ഇടപെടുന്നതരത്തിലേക്ക് ഇന്ത്യ മാറിയിരിക്കുന്നുവെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
















Comments