ബീജിംഗ് : ചൈനയിലെ ലിയോനിംഗിൽ നടന്ന കത്തിയാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്ത പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. യാംഗ് എന്നു പേരുള്ള ആളാണ് അറസ്റ്റിലായതെന്ന് ചൈനയുടെ ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
ചൈനയിൽ തോക്കുകൾ കൈവശം വയ്‌ക്കുന്നത് നിയമവിരുദ്ധമായതിനാൽ ആൾക്കൂട്ടത്തിനു നേരേയുള്ള ആക്രമണങ്ങൾക്ക് സാധാരണ ഉപയോഗിക്കുന്നത് കത്തികളും കോടാലികളുമാണ്. സമൂഹത്തോട് വൈരാഗ്യമുള്ളവരോ മനോരോഗമുള്ളവരോ ആണ് ചൈനയിൽ ഇത്തരം കൊലകൾ നടത്തുന്നത്. സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ പ്രതിഷേധം എന്ന പേരിലും കൊലകൾ അരങ്ങേറാറുണ്ട്.
നേരത്തെ സിൻജിയാംഗ് പ്രവിശ്യയിൽ ഇസ്ലാമിക മത ഭീകരർ ഇത്തരം ആക്രമണങ്ങൾ നടത്തി നിരവധി പേരെ വധിച്ചിട്ടുണ്ട്. ഇതിനു ശേഷം ശക്തമായ ഇസ്ലാം വിരുദ്ധ നയങ്ങളാണ് ചൈന നടപ്പിലാക്കുന്നത്. ലിയോനിംഗിൽ ഇന്ന് നടന്ന ആക്രമണം ഇത്തരത്തിലുള്ളതാണോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
Comments