അനിൽ പി നെടുമങ്ങാടിന്റെ അകാലമരണത്തെ തുടർന്ന് മുങ്ങിമരണങ്ങളും വെള്ളവുമായി ബന്ധപ്പെട്ട അപകടങ്ങളും വീണ്ടും ചർച്ചയാവുകയാണ്. ഓരോ കാലത്തും അപകടങ്ങളുണ്ടാകുമ്പോൾ മാത്രം ചർച്ചയാവുകയും പിന്നീട് വീണ്ടും വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നതുമാണ് ജലവുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളും അതിൽ നിന്നുള്ള സുരക്ഷയെക്കുറിച്ചുമുള്ള ചർച്ചകളും. ഓരോ പ്രദേശത്തെയും തീരവും ചുഴിയും കയവും പുഴയും സമുദ്രവുമെല്ലാം വ്യത്യസ്തമാണെന്നും എല്ലാം ഒരുപോലെ കണ്ടാൽ അപകടമുണ്ടാകുമെന്നും വിവരിച്ച് ദേവദേവൻ ഫേസ്ബുക്കിൽ പങ്കുവെച്ച ലളിതമായ കുറിപ്പ്..
ആദ്യമെ പറയുകയാണ്, ഓർമ്മവെച്ച നാൾമുതൽ പുഴയും തോടും വയലും, മുതിർന്നപ്പോൾ കടൽ തീരവും കണ്ട്, അവിടങ്ങളിൽ കളിച്ചുവളർന്ന ഇത്തിരി പ്രായോഗിക പരിചയവും, അതിലും ഉപരി കേട്ടും വായിച്ചുമായി അറിഞ്ഞതും എല്ലാം ചേർത്ത് പറയുകയാണ്. അല്ലാതെ ഇതൊരു വിദഗ്ദ അഭിപ്രായമേ അല്ല.
തീയോടു കളിക്കരുതെന്നു പറയും, അതിലും അപകടകാരിയാണ് ജലം. ഒഴുക്കില്ലല്ലോ, മുട്ടറ്റം വെള്ളമല്ലെ ഉള്ളൂ എന്നുള്ള നിസാരവൽക്കരണമാണ് പല ജീവനുകളും എടുക്കുന്നത്. വെള്ളത്തിന്റെ ആഴവും അടിയൊഴുക്കും അടിത്തട്ടിലെ പാറയും ചെളിയും ചപ്പുചവറുകളും കൂർത്ത കമ്പുകളും കുറ്റികളും ഒക്കെ ഒരിക്കലും അതിൽ ഇറങ്ങാതെ നമുക്ക് മനസിലാക്കാനാവില്ല. അതിനാൽ പുഴയോരവാസികൾ, പുതിയ കടവുകളിലോ വെള്ളകെട്ടിലോ ഇറങ്ങുമ്പോൾ ഓരോ അടിയും പതിയെ സൂക്ഷിച്ചുവച്ചെ ഇറങ്ങാറുള്ളു. നീന്തലറിയുന്നതിലല്ല കാര്യം, വെള്ളത്തിന്റെ സ്വഭാവത്തോടുള്ള അത്തരക്കാരുടെ പരിചയമാണ് രക്ഷ. അല്ലാത്തവരാണ് പോത്തു ചാടുന്നപോലെ ആർത്തിറങ്ങുന്നതും കുടുങ്ങുന്നതും. ശ്രദ്ധിക്കുക, നീന്തൽ അറിയാമെന്നത് പലപ്പോഴും ഉപകാരപ്പെടില്ല.
കടൽതീരം പോലെ വെള്ളത്തിലേക്ക് ഒരേ കോണിലുള്ള ചരിവല്ല പുഴകളിൽ. മുട്ടറ്റം വെള്ളത്തിൽ നിന്ന് നിലയില്ലാ കയത്തിലേക്കാവും അടുത്ത കാൽവെയ്പ്പ്. മണലും പാറയും പുഴയോരങ്ങളിൽ ഒരേപോലെയാണ്, തിട്ട ഇടിയും, പാറയിൽ തെന്നും. തെന്നിപോകുമ്പോൾ ഓർക്കാപ്പുറത്ത് മൂക്കിൽ കയറിയ വെള്ളം, കാലിൽ കൊണ്ട മരക്കുറ്റിയോ കൂർത്ത കല്ലോ കുപ്പിച്ചില്ലോ ഒക്കെ നമ്മളുടെ ശ്രദ്ധയെ തിരിക്കാം. വീഴ്ചയില് പാറയില് പുറംതലയിടിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പെട്ടെന്നുണ്ടായ വിഹ്വലതയിൽ ത്വരിത ഹൃദയസ്തംഭനം ഉണ്ടാകാം. ചെറുതായി മദ്യപിച്ചതോ, പേടിച്ചതോ ആയ അവസ്ഥയെങ്കിൽ പിന്നെ പറയേണ്ട. ശരീരം അതീവ ജാഗ്രതയിലാവുന്ന ഈ അവസ്ഥയിൽ ആഴമുള്ള കിണറ്റിൽ വീഴുന്നവർ വെള്ളം തൊടും മുൻപെ പോലും മരിക്കാറുണ്ട്. മുട്ടറ്റം മാത്രമുള്ള വെളളത്തിൽ മുങ്ങിമരിക്കുന്നതിന്റെ കാരണവും ത്വരിത ജാഗ്രതയാണത്രേ. ആന്തരികമായി അസുഖങ്ങൾ ഉള്ളവർ പെട്ടെന്നു വെള്ളത്തിൽ കുഴയും. അതി ശൈത്യമുള്ള രാജ്യങ്ങളിൽ കർണപുടത്തിലും മൂക്കിനുള്ളിലും തണുത്തവെള്ളം സ്പർശിച്ചാൽ പോലും ഉദ്ദീപനമുണ്ടായി മരണമുണ്ടാക്കും. ഇത്രയും പറഞ്ഞത് നീന്തല് അറിയാമെന്നതൊക്കെ അത്ര വല്യകാര്യമല്ലെന്നതിനാലാണ്.
മുൻപ് നീന്തിക്കുളിച്ചിരുന്നവര് സ്വന്തം ശാരീരിക മാറ്റങ്ങൾ അറിയാതെ വര്ഷങ്ങള്ക്കു ശേഷം പെട്ടെന്നൊരുന്നാൾ വെള്ളത്തിലിറങ്ങുമ്പോൾ പേശിവലിവുണ്ടാകുക, ശരീരഭാരം തുഴഞ്ഞു നീക്കാനാവാതെ കുഴയുക ഒക്കെ ഉണ്ടാവും. അധികം നേരം മുങ്ങിത്തപ്പാൻ ഞാനുൾപ്പെടെ പലവട്ടം ചെറുപ്പത്തിൽ ചെയ്തിട്ടുള്ളതാണ്, ശരീരത്തിലെ ശ്വാസംമുഴുവൻ നീട്ടി പുറത്തേക്ക് ഞെക്കിയിറക്കി, തിരികെ ആഞ്ഞു വലിച്ചു കയറ്റൽ. ഇങ്ങനെ ചെയ്താൽ കാർബൺഡൈ ഓക്സൈഡ് പെട്ടെന്ന് താഴുകയും ശ്വസന ഉത്തേജനം നഷ്ടമായി ശ്വാസം എടുക്കാനാവാതെ മരിക്കാനും സാധ്യതയുണ്ട്. അതേപോലെ മുങ്ങി പൊങ്ങുമ്പോൾ ഒറ്റ വലിക്ക് പരമാവധി ശ്വാസം വലിച്ചു കയറ്റി വീണ്ടും മുങ്ങാറുണ്ട്. വൽസവാ മന്വർ എന്നൊരു രീതിയുണ്ട് അലോപ്പതിയിൽ, ഹൃദയസ്തംഭനവും ഉണ്ടാക്കാം ഇതുവഴി. ഏകദേശം ആ അവസ്ഥയിലൂടെയാണ് ആ വലിച്ചുകയറ്റി അമർത്തുന്നതിലൂടെ നാം എത്തുന്നത്.
ഒരു തുള്ളി വെള്ളം നെറുകയിലെത്തിയാൽ അവിടെ നമ്മളുടെ ശക്തി ക്ഷയിച്ച്, വെപ്രാളം തുടങ്ങും. കടലിൽ, ഓളത്തിന്റെ താളമറിയാതെ നിൽക്കുമ്പോഴാണ് മൂക്കിലും വായിലും പെട്ടെന്ന് ഓളമടിച്ച് കയറുന്നത്. അതേ പോലെ പിൻവലിയുന്ന തിരമാല കാലിനടിയിലെ മണ്ണ് നൊടിയിടയിൽ മാറ്റി നമ്മളുടെ ബാലൻസ് തെറ്റിക്കും. ആറ്റിൽ ”പതച്ചു” നിൽക്കുന്നപോലെ കടലിൽ നിന്നാൽ ഓളമടിച്ച് മൂക്കിൽ വെള്ളം കയറും.
അതെ പോലെ രക്ഷാപ്രവർത്തനത്തിന് പരിശീലനം കിട്ടാത്ത നീന്തലറിയാവുന്നവർ മുങ്ങിതാഴുന്നയാൾക്ക് നമ്മളെ ചുറ്റിപ്പിടിക്കാനുളള സാഹചര്യം കൊടുക്കരുത്. എന്തെങ്കിലും കമ്പോ കയറോ നീട്ടിയോ അവരുടെ വസ്ത്രങ്ങളിലോ തലമുടിയിലോ പിടിച്ച്, തന്നെ ഏതു നിമിഷവും ‘ഇര’ തന്നെ ചുറ്റിമുക്കിയേക്കാം എന്ന ബോധത്തോടെ ശ്രമിക്കുക. അതിവൈകാരികത കാട്ടരുത്.
മേൽ-കീഴ് ഒഴുക്കിന്റെ ശക്തി വ്യത്യസ്തമാണ്. ചെളിയിൽ കാല് പുതഞ്ഞാൽ ഉണ്ടാകുന്ന വാക്വം അവസ്ഥ അപകടമാണ്. നീന്താനുള്ള ദൂരം ചെറുതെങ്കിലും ഒഴുക്കിന്റെ വേഗവും ശാരീരിക പരിമിധികളേയും മനസിലാക്കി പ്രവർത്തിക്കുക. മുങ്ങിത്താഴുമ്പോൾ മനോനില കൈവിടാതെ ഇരിക്കുക, വെപ്രാളംകാട്ടി ഉള്ള ഊർജ്ജം പൊടുന്നനേ പാഴാക്കി തീർക്കാതിരിക്കുക. എങ്ങനെയെങ്കിലും ശ്വാസമെടുക്കാൻ നോക്കാതെ പൊങ്ങി നിൽക്കാൻ സദാ നോക്കുന്നതാണ് ഏറ്റവും അപകടം.
ഞങ്ങൾ പുഴയോരവാസികൾ ഏതാനും മീറ്റർ അകലമുള്ള കടവുകളിൽ പോലും വളരെ സൂക്ഷിച്ചേ ഇറങ്ങു. വഴിയിലും പറമ്പിലും കയറികിടക്കുന്ന വെള്ളത്തിൽ നടക്കുമ്പോൾ കമ്പോ വല്ലതും കുത്തി കുഴിയില്ലെന്ന് ഉറപ്പുവരുത്തുക. അതിലും നല്ലത്, കാൽ വെച്ചു തപ്പി ഉറപ്പ് വരുത്തിയശേഷം, വെച്ചകാലിൽ ബലം കൊടുത്ത് അമർത്തി പദാനുപദം വെയ്ക്കുന്നതാണ്. ജലത്തിനു മീതെ പൊങ്ങി നിൽക്കുന്ന ചെടികളിലും ചപ്പുചവറുകളിലും പാമ്പുകളും മറ്റുക്ഷുദ്രജീവികളും കണ്ടേക്കാം എന്നത് ഓർക്കുക.
ഓരോ ഇടത്തിലേയും വെള്ളത്തിന് ഓരോ സ്വഭാവമാണ്. പഞ്ചഭൂതങ്ങളിൽ ഒന്നിനോടും ലാഘവത്തോടെ ഇടപെടരുത്. നാം കാണുന്ന പോലെ അവയുടെ വന്യത ഇത്രയുമെ ഉള്ളുവെന്ന് വിലയിരുത്തരുത്. നൊടിയിടയിൽ രൗദ്രവും ശാന്തവുമാകും അവ.
വീണ്ടും പറയുകയാണ്. ഇതൊരു വിദഗ്ദ അഭിപ്രായമേ അല്ല. തിരുത്തലുകളും കൂടിച്ചേർക്കലുകളും പറഞ്ഞാൽ ചെയ്യുന്നതാണ്.
ചുറ്റിലും വെള്ളമാണ്, ഓരോ ചുവടും സൂക്ഷിച്ചു വെയ്ക്കുക.
Comments