ആലപ്പുഴ : ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സിപിഎമ്മിൽ പൊട്ടിത്തെറി. കെ ജയമ്മയെ നഗരസഭ അദ്ധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമുയർന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു.
ആലപ്പുഴ നഗരസഭ അദ്ധ്യക്ഷയായി ഇരവുകാട് വാർഡിൽ നിന്നുള്ള സൗമ്യ രാജിനെയാണ് സിപിഎം തീരുമാനിച്ചത്. എന്നാൽ നെഹ്രു ട്രോഫി വാർഡിൽ നിന്ന് ജയിച്ച കെ.കെ ജയമ്മയെ അദ്ധ്യക്ഷയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആലപ്പുഴ വടക്ക് ഏരിയ കമ്മിറ്റിയുടെ പ്രതിനിധിയാണ് ജയമ്മ. സൗമ്യ തെക്ക് ഏരിയ കമ്മിറ്റിയുടെ പ്രതിനിധിയാണ്. സമവായത്തിനായി ചർച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇതിനിടയിലാണ് സൗമ്യ രാജിനെ അദ്ധ്യക്ഷയായി പ്രഖ്യാപിച്ചത്.
അതേസമയം പാർട്ടി തീരുമാനം നടപ്പിലാക്കുമെന്ന് ജില്ല സെക്രട്ടറി ആർ.നാസർ വ്യക്തമാക്കി. പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പ്രതിഷേധം നടത്തിയാൽ പാർട്ടി തീരുമാനം മാറുമെന്ന് കരുതേണ്ടെന്നും നാസർ പറഞ്ഞു.
പാർട്ടി നടപടിക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലും പ്രതിഷേധമുയർന്നു കഴിഞ്ഞു. ഒരു മന്ത്രിയും എം.പിയുമാണ് സൗമ്യ രാജിനെ അദ്ധ്യക്ഷയാക്കാൻ ഇടപെട്ടതെന്നും ആലപ്പുഴയിലെ രണ്ട് ഏരിയകമ്മിറ്റികൾ വിചാരിച്ചാൽ ഇവരൊന്നും എം.പിയും മന്ത്രിയും ആവില്ലെന്നും സിപിഎം അനുഭാവികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
















Comments