ന്യൂഡൽഹി : ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിർമ്മാണ കേന്ദ്രമാക്കാൻ ഒരുങ്ങി മോദി സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലും, കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും സംയുക്തമായി ടോയ് ഹാക്കത്തോണിന് തുടക്കമിട്ടു. ടോയ്കത്തോൺ 2021 എന്ന് പേര് നൽകിയിരിക്കുന്ന പരിപാടിയ്‌ക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഇരുവരും ചേർന്ന് തുടക്കമിട്ടത്.
ലോകത്ത് ഏറ്റവും കൂടുതൽ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളിലൊന്ന് ചൈനയാണ്. ചൈനയിൽ നിന്നും പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ കളിപ്പാട്ടങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നതുവഴി ചൈനയോടുള്ള ആശ്രയത്വം കുറയ്‌ക്കുകയും, വരുമാനവും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. നേരത്തെ ഇന്ത്യയെ വലിയ കളിപ്പാട്ട നിർമ്മാണ കേന്ദ്രമാക്കി മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടോയ്കത്തോൺ 2021 ന് തുടക്കമിട്ടിരിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ പരിപാടിയുടെ ഭാഗമാണ്.
80 ശതമാനം കളിപ്പാട്ടങ്ങളും ഇന്ത്യ വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണെന്ന് പൊഖ്രിയാൽ പറഞ്ഞു. രാജ്യത്തിന് സ്വന്തമായി കളിപ്പാട്ടം നിർമ്മിക്കാനുള്ള ശേഷിയുണ്ട്. ടോയ്‌ക്കത്തോണ്‍ കളിപ്പാട്ട നിര്‍മാണത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തതയിലെത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും, മറ്റുള്ളവർക്കും 50 ലക്ഷം രൂപവരെ നേടാനാകുമെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. പ്രാദേശിക ഉത്പന്നങ്ങൾക്കും, വിപണിയ്‌ക്കും പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി പറയുന്നതുവരെ ഇത്തരമൊരു ചിന്ത ആരിലും ഉണ്ടായിരുന്നില്ല. നമുക്ക് പുത്തൻ ആശയങ്ങൾ ഉണ്ടെങ്കിൽ സർക്കാർ ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമം, ടെക്‌സ്റ്റൈൽസ്, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ്, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭം, വാണിജ്യം എന്നീ മന്ത്രാലയങ്ങൾ ചേർന്നാണ് ടോയ്കത്തോൺ സംഘടിപ്പിക്കുന്നത്.
















Comments