ജനീവ : കൊറോണ മഹാമാരിക്കിടയിലും സാമ്പത്തിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകവ്യാപാര സംഘടന. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.4 ശതമാനമായി വർദ്ധിച്ചതോടെയാണ് പ്രശംസയുമായി ലോകവ്യാപാര സംഘടന രംഗത്ത് വന്നത്. ഇന്ത്യയുടെ ഏഴാമത് വ്യാപാരനയ അവലോകനത്തിനിടെയായിരുന്നു വ്യാപാര സംഘടനയുടെ പ്രശംസ.
സാമ്പത്തിക മുന്നേറ്റത്തിനായുള്ള ഇന്ത്യയുടെ നടപടികളേയും സംഘടന പ്രശംസിച്ചു. ഇന്ത്യയുടെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ച സാമൂഹിക സാമ്പത്തിക സൂചികകളായ പ്രതിശീർഷ വരുമാനം, ആയുർദൈർഘ്യം എന്നിവയിലുണ്ടായ നേട്ടംകൂടിയാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. കർഷകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളെക്കുറിച്ചും സംഘടന പ്രത്യേകം പരാമർശിച്ചു. വിളകളുടെ താങ്ങുവില വർദ്ധിപ്പിച്ചതും, ധനസഹായ പദ്ധതികളും പ്രശംസനീയമാണെന്നും വ്യാപാര സംഘടന ചൂണ്ടിക്കാട്ടി.
കൊറോണയുടെ പശ്ചാത്തലത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായുള്ള നടപടികൾ ലഘൂകരിക്കുകയും, വ്യാപാര രംഗത്ത് നവീകരണങ്ങൾ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ നടപടികളെയും സംഘടന പുകഴ്‌ത്തി.
ഇന്ത്യയുടെ സാമ്പത്തിക ഉൾക്കൊള്ളൽ നയം ഗ്രാമവും,നഗരവും തമ്മിലുള്ള അന്തരം കുറയ്‌ക്കാൻ കാരണമായതായി ലോകവ്യാപാര സംഘടനാ സെക്രട്ടേറിയേറ്റിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു. വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്ക് സബ്‌സിഡി ഏർപ്പെടുത്തിയത് ആളുകളുടെ ജീവിത നിലവാരം ഉയരാൻ കാരണമായി. രാജ്യത്ത് നടപ്പിലാക്കിയ ജിഎസ്ടി സമ്പ്രദായം പരോക്ഷ നികുതി വ്യവസ്ഥയ്‌ക്ക് ഗുണകരമാകും. ഇൻസോൾവൻസിയും, ബാങ്ക്‌റപ്റ്റ്‌സി കോഡും കോർപ്പറേറ്റ് മേഖലയിലെ കടം ഇല്ലാതാക്കും. ബാങ്കിംഗ് മേഖലയിലെ നവീകരണങ്ങൾ ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സുഗമമായ പ്രവർത്തനത്തിന് കാരണമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഏഴിലെത്തുന്നത്.
















Comments