വാഷിംഗ്ടൺ: ഇസ്ലാമിക ഭീകരതയ്‌ക്ക് ഇറാൻ പിന്തുണ നൽകുന്നുവെന്ന പ്രസ്താവന ശക്തമാക്കി അമേരിക്ക. ഇറാൻ അൽഖ്വയ്ദയ്‌ക്ക് തണലൊരുക്കുന്ന രാജ്യമാണെന്ന് അമേരിക്ക ആവർത്തിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇറാനെതിരെ വീണ്ടും പ്രതികരണം നടത്തിയത്. അൽഖ്വയ്ദയുടെ രണ്ടാം നിരയിലെ പ്രധാനി അബു മുഹമ്മദ് അൽ മസാരി ടെഹറാനിൽ കഴിഞ്ഞ വർഷം വധിക്കപ്പെട്ട സംഭവം അമേരിക്കയുടെ വാദം സ്ഥിരീകരിക്കുന്നതാണെന്നും പോംപിയോ പറഞ്ഞു. അൽഖ്വയ്ദയ്‌ക്ക് ഒരു പുതിയ വീട് ലഭിച്ചിരിക്കുന്നു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനാണ് ആ പുതിയ തട്ടകമെന്നും പോംപിയോ പരിഹസിച്ചു.
ഇറാൻ-അൽഖ്വയ്ദ ബന്ധം തങ്ങൾ സ്വന്തം നിലയ്‌ക്ക് പരിഹരിക്കും. ആ ബന്ധം ഞങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. തീർച്ചയായും അതിനെതിരെ പൊരുതുകയും തോൽപ്പിക്കുകയും ചെയ്യുമെന്നും പോംപിയോ പറഞ്ഞു. ഇറാൻ തീർച്ചയായും ഒരു പുതിയ അഫ്ഗാൻ തന്നെയാണ്. അവിടെ അൽഖ്വയ്ദ മറഞ്ഞിരുന്ന് പോരാടുമ്പോൾ ഇറാനിൽ അവർ ഔദ്യോഗിക സൈന്യത്തിന്റെ തണലിലാണ് വളരുന്നതെന്നും പോംപിയോ പറഞ്ഞു. അൽഖ്വയ്ദയുടെ നേതാക്കളായ സുൽത്താൻ യൂസഫ് അൽ ആരിഫ്, മുഹമ്മദ് അബ്ബാതേ എന്നിവർക്കെ തിരെയുള്ള നിരോധനവും അമേരിക്ക പ്രഖ്യാപിച്ചു.
















Comments