ചെന്നൈ: മലയാളിതാരം സന്ദീപ് വാര്യർക്കായി തമിഴ്‌നാട് ബി.സി.സി.ഐയുമായി വാക്കുതർക്കത്തിൽ. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്കായി സന്ദീപിനെ നെറ്റ് ബോളറായി നിശ്ചയിച്ചിരിക്കുകയാണ്. എന്നാൽ താരത്തെ മുഷ്താഖ് അലി ട്രോഫി കഴിഞ്ഞേ തരാനാകൂ എന്ന കടുംപിടുത്തത്തിലാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ. മുഷ്താഖ് അലി ടി20 ട്രോഫിയുടെ സെമിയിലെത്തി നിൽക്കുന്ന തമിഴ്‌നാടിന് സന്ദീപ് നിർണ്ണായകമാണ്. കഴിഞ്ഞ മത്സരത്തിൽ സന്ദീപ് രണ്ടു വിക്കറ്റുകൾ നേടി നിൽക്കുകയാണ്.
മുഷ്താഖ് അലി മത്സരങ്ങൾ അവസാനിച്ചാലും താരത്തിന് കൊറോണ ബബിൾ സംവിധാനത്തിലൂടെ വിശ്രമം അനുവദിക്കണമെന്ന നിർദ്ദേശവും തമിഴ്‌നാട് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിരിക്കുകയാണ്.
നിലവിൽ തമിഴ്‌നാട് ടീം അഹമ്മദാബാദിലാണുള്ളത്. തമിഴ്‌നാട് ഫൈനലിലെത്തിയാൽ ജനുവരി 31ന് മത്സരമുണ്ട്. അതിന് ശേഷം ഫെബ്രുവരി ഒന്നിന് മാത്രമേ സന്ദീപിന് ടീം വിടാനാകൂ. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് അഞ്ചാം തീയതി ആരംഭിക്കും.
Comments