ന്യൂഡൽഹി: കർഷകറാലിയെ ആസൂത്രിത കലാപമാക്കിയവർക്കെതിരെ കേസ്സെടുത്ത് ദേശീയ ബാലാവകാശ കമ്മീഷനും. ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിനത്തോടനുന്ധിച്ച് പരിപാടികളവതരിപ്പിക്കാനും പ്രത്യേകമായി ക്ഷണിക്കപ്പെട്ട മുന്നൂറോളം വിദ്യാർത്ഥികളാണ് ഖാലിസ്താൻ ഭീകരർ അഴിച്ചുവിട്ട ആക്രമണത്തിൽ ചെങ്കോട്ടയ്‌ക്കകത്ത് കുടുങ്ങിപ്പോയത്. കുട്ടികളെ ഉപദ്രവിക്കുകയും മാനസിക പിരിമുറുക്കം ഉണ്ടാക്കിയ അന്തരീക്ഷം സൃഷ്ടിച്ചതിനുമാണ് കേസ്സ്. ഡൽഹി നോർത്ത് ഡി.സി.പി ആന്റോ അൽഫോൺസാണ് കേസ്സെടുത്ത വിവരം അറിയിച്ചത്.
റിപ്പബ്ലിക് ദിന പരിപാടികൾ സമാപിച്ച ശേഷം ഉച്ചയ്‌ക്ക് 12 മണിയോട് കൂടിമാത്രമാണ് കർഷക റാലിക്ക് ഡൽഹി പോലീസ് അനുമതി നൽകിയിരുന്നത്. കർഷക റാലിയുടെ റൂട്ടിൽ ചെങ്കോട്ടയും പരിസരവും ഉൾപ്പെട്ടിരുന്നുമില്ല. എന്നാൽ വളരെ ആസൂത്രിതമായി ചെങ്കോട്ട വളഞ്ഞ അക്രമികളുടെ അഴിഞ്ഞാട്ടത്തിൽ മുന്നൂറിലധികം പോലീസുകാർക്കും പരിക്കേറ്റിരുന്നു. ഇരച്ചുകയറി കൊടി ഉയർത്തിയ ഖാലിസ്താൻ ഭീകരർ ചെങ്കോട്ടയിലെ മ്യൂസിയവും ചരിത്രസ്മാരകത്തിന്റെ മാർബിൾ ഫലകവും തകർത്തു.
നിയന്ത്രണാതീതമായി സമരക്കാർ ഇടിച്ചുകയറിയതോടെ റിപ്പബ്ലിക് ദിനാഘോഷം കാണാനും പരിപാടികൾ അവതരിപ്പിക്കാനും എത്തിയ മുന്നൂറിലധികം വിദ്യാർത്ഥികൾ പരിഭ്രാന്തരായി പലവഴിക്ക് ഓടേണ്ടിവന്നു. പോലീസ് പെട്ടന്ന് സുരക്ഷിതമായി ഒരു ഭാഗത്തേക്ക് കുട്ടികളെ മാറ്റുകയായിരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാരുടെ ആക്രമണത്തിൽ കുട്ടികൾക്ക് പരിക്കേറ്റതെന്നും പോലീസ് ചൂണ്ടിക്കാട്ടി.
















Comments