ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്കു മുൻപിൽ സ്ഫോടനം നടത്തിയവർ ആരായാലും രക്ഷപ്പെടില്ലെന്ന് സൂചന. അന്വേഷണത്തിന് ഇന്ത്യ ഇസ്രായേൽ സംയുക്ത നീക്കം ആരംഭിച്ചു. മൊസാദി തലവൻ യോസി കോഹൻ നേരിട്ട് ഇക്കാര്യത്തിൽ ഇന്ത്യയുമായി സംസാരിച്ചതായാണ് വിവരം. പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യ ഇസ്രായേലിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇസ്രായേലും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇറാന്റെ മൂക്കിനടിയിൽ നിന്ന് ആണവ രഹസ്യം ചോർത്തിയ മൊസാദ് ചീഫ് യോസി കോഹൻ നിസാരക്കാരനല്ലെന്ന് ഭീകരസംഘടനകൾക്ക് വ്യക്തമാണ്.
ഇന്ത്യയിലെ ഇസ്രയേൽ എംബസിക്ക് പുറത്ത് സ്ഫോടനം നടന്നതോടെ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് വീണ്ടും ചർച്ചയിൽ എത്തുകയാണ്. ആക്രമണത്തിന് പിന്നിൽ ആരായാലും മൊസാദിന്റെ കയ്യിൽ നിന്ന് രക്ഷനേടാൻ സാധിക്കില്ലെന്നും ഭീകര സംഘടനകൾക്കറിയാം. ലോകത്തിന്റെ എല്ലാ കോണുകളിലും മൊസാദ് ചീഫ് യോസി കോഹന് ആധിപത്യമുണ്ട് .ഇസ്രായേലിന്റെ സുരക്ഷയ്‌ക്ക് പിന്നിലെ ഒരു വലിയ മുഖമാണ് കോഹൻ.
ഇസ്രയേൽ, ബഹ്‌റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സുഡാൻ എന്നിവയുമായുള്ള ചർച്ചയ്‌ക്ക് പിന്നിലും കോഹന്റെ കരങ്ങളാണ്. അറബ് രാജ്യങ്ങളിലെ എതിരാളികളെയെല്ലാം ഇസ്രായേലിന്റെ കീഴിലെത്തിച്ചതിലും വിജയിച്ചത് കോഹന്റെ നയതന്ത്ര പാടവമായിരുന്നു.
2018 ൽ ടെഹ്‌റാനിൽ നിന്ന് ഇറാന്റെ ആണവ രഹസ്യം ചോർത്തിയതാണ് കോഹന്റെ പേരിലുള്ള ഏറ്റവും വലിയ ദൗത്യം. മൊസാദിന്റെ സാമ്പത്തിക വളർച്ചയ്‌ക്കു പിന്നിലും കോഹന് വലിയ പങ്കുണ്ട്.
പ്രധാനമന്ത്രി ഡേവിഡ് ബെൻ-ഗുരിയോണിന്റെ ഉപദേശപ്രകാരം 1949 ഡിസംബർ 13 നാണ് മൊസാദ് സ്ഥാപിതമായത്. കരസേന ഇന്റലിജൻസ് വകുപ്പ്, ആഭ്യന്തര സുരക്ഷാ സേവനം, വിദേശ രാഷ്‌ട്രീയ വകുപ്പ് എന്നിവയുമായി ഏകോപനവും സഹകരണവും വർദ്ധിപ്പിക്കുന്ന ഒരു കേന്ദ്ര യൂണിറ്റ് സൃഷ്ടിക്കണമെന്നതായിരുന്നു മൊസാദിന്റെ ലക്ഷ്യം. 1951 മാർച്ചിൽ ഇത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാക്കുകയും ഉത്തരവാദിത്വം പ്രധാനമന്ത്രിക്ക് നൽകുകയും ചെയ്തു.
രഹസ്യാന്വേഷണം ശേഖരിക്കുക, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ നടത്തുക, ഭീകരതയ്‌ക്കെതിരെ പോരാടുക എന്നിവയാണ് മൊസാദിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ ഭരണഘടനാ നിയമങ്ങളിൽ നിന്ന് മൊസാദിനെ ഒഴിവാക്കിയിട്ടുണ്ട്. മൊസാദ് ഡയറക്ടർ രാജ്യത്തെ പ്രധാനമന്ത്രിയോടാണ് നേരിട്ട് റിപ്പോർട്ടിങ്ങ്.















Comments