വാഷിംഗ്ടൺ: ലോകത്തിലെ ആദ്യത്തേതെന്ന് അവകാശപ്പെടുന്ന ബഹിരാകാശ ദൗത്യത്തിനൊരുങ്ങി അമേരിക്കയുടെ സ്‌പേസ് എക്‌സ്. നാല് സഞ്ചാരികളെ ഒരുമിച്ച് ബഹിരാകാശം ചുറ്റിക്കറക്കാനുള്ള പദ്ധതി ഈ വർഷം അവസാനം നടത്തുമെന്നാണ് അമേരിക്കയുടെ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ അവകാശ വാദം.
ബഹിരാകാശ ദൗത്യത്തിനായി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ വിഭാഗം ആശ്രയിക്കുന്ന സ്വകാര്യ കമ്പനിയാണ് സ്‌പേസ് എക്‌സ്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിഫ്റ്റ് 4 പെയ്‌മെന്റ്‌സ് എന്ന സ്ഥാപനത്തിന്റെ മേധാവിയും പൈലറ്റുമായ ജാറെഡ് ഐസക്മാനാണ് ബഹിരാകാശ വാഹനം നിയന്ത്രിക്കാൻ പോകുന്നത്. സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ആശുപത്രിയുടെ നടത്തിപ്പിനുള്ള ഫണ്ട് ശേഖരണം കൂടി ലക്ഷ്യമിട്ടാണ് ബഹിരാകാശ സഞ്ചാര ദൗത്യം എന്ന പദ്ധതിക്ക് തുടക്കമിടുന്നത്. ഇൻസ്പ്പിരേഷൻ-4 എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
ആകെ നാല് പേർക്ക് യാത്ര ചെയ്യാവുന്ന ബഹിരാകാശ വാഹനത്തിലെ മൂന്ന് സീറ്റുകളും സഞ്ചാരികൾക്ക് പണം നൽകി ബുക്ക് ചെയ്യാം. അത്തരം ഫണ്ടുകൾ ആശുപത്രിക്കായി ഉപയോഗിക്കും. ബഹിരാകാശത്ത് ഭൂമിയെ വലം വയ്‌ക്കുന്ന പ്രത്യേക പാതയിലൂടെ വാഹനം സഞ്ചരിക്കുമെന്നും ഒരോ 90 മിനിറ്റിലും ഭൂമിയോട് അടുത്തുവരുന്ന തരത്തിൽ ദിവസങ്ങളെടുക്കുന്ന യാത്രയാണ് നടക്കുക. തിരികെ ഭൂമിയിലെത്തി കടലിൽ ഇറങ്ങുന്ന തരത്തിലാണ് പദ്ധതി തീരുമാനിച്ചിരിക്കുന്നത്.
















Comments