ഹൈദരാബാദ്: ഹൃദയം മാറ്റിവെയ്ക്കലിന് യാത്രാസൗകര്യമൊരുക്കി ഹൈദരാബാദ് മെട്രോ ട്രെയിൻ സർവ്വീസ്. മാറ്റിവെയ്ക്കേണ്ട ഹൃദയവും ശസ്ത്രക്രിയ സംഘത്തേയുമാണ് റോഡിലെ തിരക്കുകൾ പരിഗണിച്ച് മെട്രോ ട്രെയിനിൽ എത്തിച്ചത്. ഹൈദരാബാദിലെ നാഗോളിൽ നിന്നും ജൂബിലി ഹില്ലിലേക്കാണ് ഹൃദയം എത്തിച്ചത്. 21 കിലോമീറ്റർ ദൂരം അരമണിക്കൂറിലാണ് ട്രെയിൻ പിന്നിട്ടത്. വൈകിട്ട് 4.40നാണ് ട്രെയിൻ യാത്ര തുടങ്ങിയത്. 5.10ന് ട്രെയിൻ അപ്പോളോ ആശുപത്രിക്ക് സമീപമുള്ള സ്റ്റേഷനിലെത്തി. അവിടെനിന്നും ആംബുലൻസിൽ സംഘം ആശുപത്രിയിലേക്ക് ഹൃദയം എത്തിച്ചു. ഹൈദരാബാദിലെ കാമിനേനി ആശുപത്രിയിൽ നിന്നാണ് ഹൃദയം പുറത്തെടുത്തത്. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയമാണ് മറ്റൊരു രോഗിയ്ക്കായി ഉപയോഗപ്പെടുത്തിയത്. അപ്പോളോ ആശുപത്രിയിലാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.
തിരക്കേറിയ റോഡിലൂടെ ആംബുലൻസ് സമയത്ത് എത്തില്ലെന്ന തിരിച്ചറിവാണ് മെട്രോ ട്രെയിനെന്ന ആശയത്തിലേക്ക് പോലീസിനെ എത്തിച്ചത്. സന്ദേശം ലഭിച്ചയുടൻ ഡോക്ടർമാരുടെ സംഘത്തെ എത്തിക്കാനായി മാത്രം ഒരു ഭാഗത്തേക്ക് മെട്രോ ട്രെയിൻ ഓടിക്കുകയായിരുന്നു. ഒരു ഭാഗത്തെ മെട്രോ സർവ്വീസിലെ യാത്രക്കാരെ ഒഴിവാക്കി പ്രത്യേക ട്രെയിനാണ് ഓടിച്ചത്. ഹൃദയ ശസ്ത്രക്രിയക്ക് സഹായം നൽകാനായതിന്റെ സന്തോഷം മെട്രോ എം.ഡി എൻ.വി.എസ്.റെഡ്ഡി പങ്കുവെച്ചു.
Comments