ലണ്ടൻ: സതാംപ്ടണിനെതിരെ സർവ്വകാല നേട്ടവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. എതിരില്ലാത്ത ഒൻപത് ഗോളുകൾക്കാണ് സതാംപ്ടണിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തെറിഞ്ഞത്ച ഇരട്ടഗോളുകൾ നേടിയ ആന്റണി മാർഷ്യലാണ് മികച്ച് നിന്ന താരം. കളിയുടെ 18-ാം മിനിറ്റിൽ ആരോൺ ബിസാക്കയാണ് ഗോൾമഴക്ക് തുടക്കമിട്ടത്. 25-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോഡ് രണ്ടാം ഗോൾ നേടി. 34-ാം മിനിറ്റിൽ സതാംപ്ടണിന്റെ ജാൻ ബെഡ്നാറേകിന്റെ പിഴവ് യുണൈറ്റഡിന് മൂന്നാം ഗോൾ സമ്മാനിച്ചു. ആദ്യ പകുതിയുടെ 39-ാം മിനിറ്റിൽ എഡിസൺ കവാനിയിലൂടെ ചെമ്പട നാലാം ഗോളും തികച്ചു.
കളിയുടെ രണ്ടാം പകുതിയിലും തുടർച്ചയായി ആക്രമിച്ച് കളിച്ച യുണൈറ്റഡ് സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ കളംനിറഞ്ഞു. എതിരാളികളുടെ പ്രതിരോധം തകർത്ത് അഞ്ചു ഗോളുകളാണ് രണ്ടാം പകുതിയിൽ വീണത്. ആന്റണി മാർഷ്യൻ 69,90 മിനിറ്റുകളിൽ ഗോളുകൾ നേടിയപ്പോൾ സ്കോട്ട് മാക്ടോമിനേ 71-ാം മ്ിനിറ്റിലും പെനാൽറ്റി ഗോളാക്കി ബ്രൂണോ ഫെർണാണ്ടസ് 87-ാം മിനിറ്റിലും ഡാനിയൽ ജെയിംസ് 93-ാം മിനിറ്റിലും എതിരാളികളുടെ വല ചലിപ്പിച്ചു. തകർപ്പൻ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടുപിന്നാലെ 44 പോയിന്റുകളോടെ യുണൈറ്റഡ് രണ്ടാം സ്ഥാനത്താണുള്ളത്.
Comments