കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ സൈബർ പ്രചാരണം ശക്തമാക്കാൻ സിപിഎം തീരുമാനം. പാർട്ടി സംസ്ഥാന നേത്വത്തിന്റെ തീരുമാനത്തോടെയായിരിക്കും സൈബർ പ്രചാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക .ഇതിനായി ബിജെപിയെ മാതൃകയാക്കാനാണ് സിപിഎം സംസ്ഥാന സൈബർ വിദഗ്‌ദ്ധരുടെ ഉപദേശം. ബി.ജെ.പിയും നരേന്ദ്രമോദിയും ലോകസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച അതേ തന്ത്രങ്ങൾ ഇവിടെയും പയറ്റണമെന്നാണ് സിപിഎം നേതൃത്വത്തിൽ വന്ന അഭിപ്രായങ്ങൾ.
സംഘപരിവാർ പ്രസ്ഥാനങ്ങളിലെ അണികൾ സമൂഹമാദ്ധ്യമങ്ങളിൽ സംഘടിതമായാണ് നീങ്ങുന്നതെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. സമൂഹമാദ്ധ്യമങ്ങളിൽ സിപിഎം അണികളും ശക്തമാണെങ്കിലും ഇതിൽ പാർട്ടിയുടെ നിയന്ത്രണമില്ലത്തത് പോരായ്മയായി സംഘടന വിലയിരുത്തുന്നു. നിയന്ത്രണത്തിന് സംസ്ഥാനതല സമിതിയുംസൈബർ വിംഗിനെ നിയന്ത്രിക്കാൻ സംസ്ഥാന കമ്മിറ്റി പ്രത്യേകസമിതിയെയും ഇതിനോടകം നിയോഗിച്ചിട്ടുണ്ട്
സംസ്ഥാനത്ത് നിരവധി പ്രതിസന്ധികളിലൂടെ പാർട്ടിയും സർക്കാരും കടന്നുപോകുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പോലും പ്രതിരോധം സൃഷ്ടിക്കാൻ സാധിക്കാത്തത് ഇക്കാരണത്താലാണെന്നും നേതൃത്വം വിലയിരുത്തുന്നു. പാർട്ടിക്കെതിരെ വിവാദങ്ങൾ ഉയരുമ്പോൾ ക്യാപ്സൂൾ രൂപത്തിൽ മറുപടി താഴെത്തട്ടിലെത്തിക്കാൻ തീരുമാനം ഉണ്ടായെങ്കിലും ഇതൊന്നും സമൂഹമാദ്ധ്യമങ്ങളിലോ സമൂഹത്തിലോ ചർച്ചയാക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ലെന്നാണ് വിലയിരുത്തൽ.
എസ്.എഫ്.ഐ, ഡി. വൈ.എഫ്.ഐ, എൻ.ജി.ഒ യൂണിയൻ, കെ.എസ്.ടി.എ എന്നിവയിലെ പ്രവർത്തകരെ തിരഞ്ഞെടുത്ത് സൈബർ പോരാട്ടത്തിനിറക്കാനാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം.ഇവരിൽ ഡിസൈനിംഗ് ,എഴുത്ത്, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിചയസമ്പന്നരായവർക്കുള്ള രജിസ്‌ട്രേഷനും ആരംഭിച്ചുകഴിഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പ്രവർത്തകരാണ് ഇതിനോടകം തന്നെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രദേശികതലത്തിലും ജില്ലാ കമ്മിറ്റികൾക്കും സൈബർ വിംഗുകളുണ്ടെങ്കിലും വിവാദങ്ങൾ ഒഴിവാക്കി ഏകീകൃത മുഖമുണ്ടാക്കുവാനാണ് സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ നേരിട്ട് സൈബർ വിംഗ് രൂപീകരിക്കുന്നത്.
ആകർഷകമായ പോസ്റ്റുകളും പ്രധാന നേതാക്കളുടെ വീഡിയോയും എതിർ പാർട്ടികളെ കുറിച്ചുള്ള ട്രോളുകളും പ്രചരിപ്പിക്കാനാണ് ആദ്യതീരുമാനം.സൈബറിടത്തിൽ സജീവമാകുന്നതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുതലമുറയുടെ വോട്ടുകൾ നേടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സി.പി.എം.
















Comments