ന്യൂഡൽഹി: രാജ്യത്തെ പുകയിലവിരുദ്ധ നിയമത്തിനെ ഭൂരിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പിന്തുണയ്‌ക്കുന്നതായി അഭിപ്രായ സർവ്വേ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി നടന്ന സർവ്വേയിലാണ് പുകയിലയെ ജനം തള്ളിയത്. സർവ്വേ പ്രകാരം രാജ്യത്തെ 85 ശതമാനം ജനങ്ങളും പുകയില വിരുദ്ധ നിയമം കൂടുതൽ ശക്തമാക്കണമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.
എല്ലാത്തരത്തിലുള്ള പുകയില ഉപയോഗത്തേയും സാധാരണക്കാർ മുതൽ ഉന്നതർവരെ അപകടകരമാണെന്ന് തന്നെ സാക്ഷ്യപ്പെടുത്തുന്നു. സിഗരറ്റുകൾ, ബീഡി, പാൻ ഉൽപ്പന്നങ്ങൾ തുടങ്ങി എല്ലാം നിരോധിക്കണമെന്നാണ് സർവ്വേയിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. സർവ്വേയിൽ 18 വയസ്സിന് മുകളിലുള്ള വരെയാണ് പങ്കെടുപ്പിച്ചത്.
ഗുജറാത്ത്, പഞ്ചാബ്, ഒഡീഷ, മഹാരാഷ്‌ട്ര, തമിഴ്‌നാട്, കേരളം , കർണ്ണാടക , പശ്ചിമബംഗാൾ എന്നിവയുൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ചു. സാധാരണക്കാരന്റെ അഭിപ്രായം വ്യക്തമാകാനായി എല്ലാ പ്രാദേശിക ഭാഷകളിലും ടെലഫോണിലൂടെ അഭിമുഖങ്ങൾ നടത്തിയാണ് അഭിപ്രായരൂപീകരണം ഉണ്ടാക്കിയത്.
ഇന്ത്യയിൽ 26 കോടിപേരാണ് പുകയില ഉപയോഗിക്കുന്നത്. ഒരു വർഷം 1,77,341 കോടിരൂപയാണ് വിറ്റുവരവ്. അതേസമയം പുകയിലമൂലമുണ്ടാകുന്ന വിവിധ രോഗങ്ങളാൽ ഒരു വർഷം പത്തുലക്ഷം പേരാണ് മരണമടയുന്നത്.
















Comments