ബീജിംഗ്: ചൈനയിൽ മുസ്ലിംങ്ങൾക്കെതിരെ ഭരണകൂടം വ്യാപകമായി ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ. ദക്ഷിണ ചൈനാക്കടലിനോട് ചേർന്നുള്ള സന്യ നഗരത്തിൽ താമസിക്കുന്ന പതിനായിരക്കണക്കിന് മുസ്ലീംങ്ങൾക്കെതിരെയാണ് ചൈനയുടെ അടിച്ചമർത്തൽ നടപടി. സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും എല്ലാം പരിധികളും ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മറികടക്കുകയാണെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.
ഉയ്ഗുർ മുസ്ലിംങ്ങൾക്കെതിരെയുള്ള ചൈനയുടെ അക്രമ നടപടികൾ അന്താരാഷ്‌ട്ര തലത്തിൽ തന്നെ ചർച്ചയായിരുന്നു. തൊട്ടുപിന്നാലെയാണ് ഇസ്ലാമിക ചിന്താഗതിയുള്ളവരുടെ സ്വത്വം നശിപ്പിക്കണമെന്ന ആഹ്വാനവുമായി ചൈനീസ് ഭരണകൂടം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
മുസ്ലീങ്ങൾക്ക് പള്ളികളിൽ ഉച്ചഭാഷിണി സ്ഥാപിക്കാനോ പുതിയ പള്ളികളുടെ നിർമ്മാണത്തിനോ അനുവാദമില്ല. ഖുർആൻ, അറബിപുസ്തകങ്ങൾ എന്നിവയുടെ വായനയും നിരോധിച്ചിരിക്കുകയാണ്. മുസ്ലിം മത സ്വത്വം ഇല്ലാതാക്കാനാണ് ചൈനീസ് ഭരണകൂടം ശ്രമിക്കുന്നതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഹൈനാൻ ദ്വീപിലെ ഈ നഗരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്ലിംങ്ങൾക്കെതിരെ നിരന്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തുകയാണ്.
വിദേശ സ്വാധീനങ്ങൾക്കും മതങ്ങൾക്കും എതിരെയാണ് പ്രധാനമായും ചൈനീസ് ഭരണകൂടം സംസാരിക്കുന്നത്. ചൈനയിലെ മുസ്ലീം സമുദായത്തിനു മേൽ ഏർപ്പെടുത്തിയ ഉപരോധം അക്രമപരമായ മത തീവ്രവാദത്തെ മറികടക്കുവാനാണെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അവകാശപ്പെടുന്നത്. ഉയിഗുർ മുസ്ലിംങ്ങൾക്കെതിരായ ആക്രമണത്തെയും ചൈനീസ് ഭരണകൂടം ന്യായീകരിച്ചിതിങ്ങനെയാണ്.
“ മുസ്ലിം മതവിഭാഗത്തിനുമേലുള്ള കർശനമായ നിയന്ത്രണം പ്രാദേശിക സമുദായങ്ങൾക്കെതിരായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ മുഖം തുറന്നുകാട്ടുന്നുവെന്ന് അമേരിക്കയിലെ മേരിലാൻഡിലെ ചൈനീസ് മുസ്ലിം പഠന വിദഗ്‌ദ്ധനായ പ്രൊഫസർ മാ ഹൈൻ പറയുന്നു. ഇത് സർക്കാർ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്. ഇത് പൂർണ്ണമായും ഇസ്ലാം വിരുദ്ധമാണ്. ‘അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈന ഇത് നിഷേധിക്കുന്നുണ്ടെങ്കിലും ഷീ ജിൻപിങ്ങ് ഭരണത്തിൽ ചൈനയിൽ നിരവധി പള്ളികളാണ് തകർക്കപ്പെട്ടത്. ഉയ്ഗുർ മുസ്ലീംങ്ങൾക്കെതിരായ അടിച്ചമർത്തലും ഗണ്യമായി വർദ്ധിച്ചു.പള്ളികളിൽ നിന്നുള്ള ഉച്ചഭാഷിണികൾ നീക്കം ചെയ്തു. പള്ളികളിലെ താഴികക്കുടങ്ങൾ നശിപ്പിച്ചു. ഇതുകൂടാതെ അറബ് രാജ്യങ്ങളുടെ മാതൃകയിലുള്ള പള്ളികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ചൈനയിൽ നിരോധിച്ചിരിക്കുയാണ്.
Comments