മുംബൈ : ഹിന്ദുസാമ്രാജ്യ സ്ഥാപകനായ വീരശിവാജിയുടെ സ്മരണയിൽ രാഷ്‌ട്രം ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നു. മഹാരാഷ്‌ട്ര കേന്ദ്രീകരിച്ച് മറാഠാ സൈനിക ശക്തിയുടെ ഉദയം ശിവാജിയുടെ ഭരണകാലത്തായിരുന്നു.
പൂനെ ജില്ലയിലുള്ള ജുന്നാർ നഗരത്തിനടുത്തുള്ള ശിവനേരി കോട്ടയിലാണ് ശിവാജി ജനിച്ചത്. കുലദേവതയായ ശിവായ് ദേവിയുടെ ഭക്തരെന്ന നിലയിലാണ് മകന് ശിവാജി എന്ന പേര് നൽകാൻ തീരുമാനിച്ചത് . ഡെക്കാനിലെ സുൽത്താനേറ്റുകളെ സേവിച്ച മറാഠ സൈന്യപ്രമുഖനായിരുന്നു ശിവാജിയുടെ പിതാവ് ഷഹാജി ഭോൻസ്ലെ. സിന്ധ് ഘട്ടിലെ ലഖുജി ജാധവ റാവുവിന്റെ മകളായ ജീജാബായിയായിരുന്നു അദ്ദേഹത്തിന്റെ അമ്മ.
ശിവാജിയുടെ ജനനസമയത്ത് ഡെക്കനിലെ അധികാരം മൂന്ന് ഇസ്ലാമിക സുൽത്താനേറ്റുകളായ ബിജാപൂർ, അഹമ്മദ്‌നഗർ, ഗോൽക്കൊണ്ട എന്നിവരാണ് കയ്യാളിയിരുന്നത്. രാജ്യം മുഗളന്മാരുടെ കിരാത ഭരണത്തിലായതിൽ ശിവാജി എന്നും അസ്വസ്ഥനായിരുന്നു. ചെറുപ്രായത്തിൽ തന്നെ അടിമത്തത്തിനെതിരെ പോരാടാനുറച്ച ശിവാജിക്ക് അമ്മ ജീജാബായി എന്നും ശക്തമായ പ്രേരണയായിരുന്നു.
മുഗളന്മാരെ തോൽപ്പിക്കാനായി ചെറു സൈന്യത്തെ ഒരുക്കാനും പ്രദേശ വാസികളെ സൈനികരാക്കാനും ശിവാജി പരിശ്രമിച്ചു. ഇതിനായി തുടക്കത്തിലേ തന്നെ ഉറ്റ സുഹൃത്തുക്കളെയാണ് തയ്യാറാക്കിയത്. തന്റെ യെസാജി കാങ്ക്, സൂര്യാജി കകാഡെ, ബാജി പസാൽക്കർ, ബാജി പ്രഭു ദേശ്പാണ്ഡെ, തനാജി മാലുസാരെ എന്നിവരാണ് മുൻനിരയിലുണ്ടായിരുന്നത്. തന്റെ മാവൽ സുഹൃത്തുക്കളോടൊപ്പം സഹ്യാദ്രി മലനിരകളും വനങ്ങളും സമർത്ഥമായി ഉപയോഗിച്ചാണ് ശിവാജി തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്.
















Comments